16
Jun 2024
Sun
16 Jun 2024 Sun

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 202425 അധ്യയന വര്‍ഷത്തേക്ക് വര്‍ക്കിങ് പ്രൊഫഷണല്‍സിനു വേണ്ടിയുള്ള ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസരം വര്‍ക്കിങ് പ്രൊഫെഷനലുകള്‍ക്കു ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എഞ്ചിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസ്സായ അപേക്ഷാര്‍ഥികള്‍ക്ക് നോട്ടിഫിക്കേഷനിലെ മറ്റു നിബന്ധനകള്‍ പാലിച്ചു ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. അപേക്ഷാര്‍ഥി കോഴ്‌സ് പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് വ്യവസായ സ്ഥാപനങ്ങള്‍, കേന്ദ്ര/ സംസ്ഥാന സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനി, സ്വകാര്യ സ്ഥാപനങ്ങള്‍, എം എസ് എം ഇ സ്ഥാപനങ്ങള്‍ എന്നിവയിലേതെങ്കിലും ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം. ചുരുങ്ങിയത് ഒരു വര്‍ഷത്തെ റെഗുലര്‍ ഫുള്‍ ടൈം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മേല്‍പ്പറഞ്ഞ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 16 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ 17 വരെ. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങള്‍ മേല്‍പ്പടി വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712324396, 2560327, 2560363, 2560364.

B.Tech Lateral Entry Admission for Working Professionals