ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇസ്ലാമിക പണ്ഡിതന്‍ മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാസിമി (70) യെ ക്രൂരമായി കൊലപ്പെടുത്തി. ഏതാനും പേര്‍ ചേര്‍ന്ന് മൗലാനാ ഫാറൂഖിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ( Brutal Murder of Imam Maulana Farooq Sparks Unrest in Pratapgarh )പ്രതാപ് ഗഡിലെ സോന്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെയാണ് മൗലാനാ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മൗലാന ഫാറൂഖ് സജീവമായി രംഗത്തിറിങ്ങിയിരുന്നു. ഇതുമായി കൊലയ്ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രതാപ്ഗഢ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നവി മുംബൈയിലെ മസ്ജിദ് ശംസില്‍ ഇമാമും ഖത്തീബുമായി പ്രവര്‍ത്തിക്കുകയായിരുന്നു.
|
അദ്ദേഹത്തെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നെന്നും രക്തം വാര്‍ന്നു മരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. അടിയേറ്റ് മണിക്കൂറുകളോളം വഴിയില്‍ കിടന്ന മൗലാനാ ഫാറൂഖിനെ ആരും ആശുപത്രിയിലെത്തിക്കാനും തയ്യാറായില്ല.
ചന്ദ്രമണി തിവാരിയെന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് ഫാറൂഖിയെ ആക്രമിച്ചതെന്ന് അനന്തരവന്‍ മുഹമ്മദ് സാജിദ് പറഞ്ഞു. സോന്‍പൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപമായിരുന്നു സംഭവം. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രതിയുടെ വീടിനു നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഗ്രാമത്തിലെ ചിലര്‍ മൗലാന ഫാറൂഖിക്ക് പണം കടം കൊടുത്തിരുന്നുവെന്നും അദ്ദേഹം മുംബൈയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അവര്‍ പണം തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. പണം തിരിച്ചു നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ പണയമായി ഭൂമി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വന്നവര്‍ ഭൂമി അളക്കാന്‍ ആരംഭിക്കുകയും ഇതിനെ എതിര്‍ത്തതോടെ ഇരുമ്പു വടിയും ഷവലും ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാദം കുടുംബവും നാട്ടുകാരും അനുയായികളും തള്ളി. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
രോഷാകുലരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും പോലിസുമായി ഏറ്റവുമുട്ടുകയും ചെയ്തു. പ്രതികള്‍ക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും കര്‍ശന നപടികള്‍ സ്വീകരിക്കുമെന്നും പ്രതാപ് ഗഡ് എസ്പി അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സൂപ്രണ്ട്, മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍, ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ ഗ്രാമത്തിലെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
അതേസമയം, സമാധാനം പാലിക്കണമെന്നും അധികൃതരുടെ അന്വേഷണവുമായി സഹകരിക്കണമെന്നും മൗലാന ഫാറുഖിയുടെ മകന്‍ മുഫ്തി മാമൂന്‍ ഖാസിമി അഭ്യര്‍ത്ഥിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





