നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മാതാ സാഹിബ് ഗുരുദ്വാരയില്‍ ഭക്തരോടൊപ്പം ചിരിച്ചു സംസാരിച്ച്, സെല്ഫികള്ക്ക് നിന്ന് കൊടുത്ത് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. തൊട്ടടുത്ത നിമിഷം അദ്ദേഹത്തന് നേരെ ഉയര്‍ന്നത് മൂര്‍ച്ചയേറിയ ഒരു വാളായിരുന്നു! സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒരു വന്‍ ദുരന്തം നടക്കേണ്ടിയിരുന്ന ആ നിമിഷത്തില്‍, സ്വന്തം ജീവന് നോക്കാതെ ആയുധത്തിന് മുന്നിലേക്ക് ചാടിവീണത് ഒരു മഹാരാഷ്ട്രാ പൊലീസുകാരനാണ്. ബാദലിന്റെ ജീവന് രക്ഷിച്ച, നാട് ഒന്നടങ്കം നെഞ്ചിലേറ്റുന്ന ആ സൂപ്പര്‍ കോപ്പിന്റെ പേരാണ് ഇന്‍സ്പെക്ടര്‍ സന്തോഷ് വൈജ്നാഥ് കേന്ദ്രെ.
|
വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി ആഗസ്റ്റ് 12-നാണ് സുഖ്ബീര്‍ സിങ് ബാദല്‍ നന്ദേഡില്‍ എത്തിയത്. ആഗസ്റ്റ് 13-ന് ഉച്ചയ്ക്ക് 1:45-ഓടെ ഗുരുദ്വാരയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്നു അദ്ദേഹം. ഈ സമയം, പൊന്നാടയ്ക്കുള്ളില് മൂര്‍ച്ചയേറിയ കൃപാണ്‍ (വാള്) ഒളിപ്പിച്ചു വെച്ച് നിഹംഗ് സിഖ് വേഷധാരിയായ ജസ്പാല്‍ സിങ് എന്നയാള്‍ ബാദലിന് നേരെ പാഞ്ഞടുത്തു. ബാദലിന്റെ വയറ്റിലേക്ക് ആഞ്ഞുകുത്താനായിരുന്നു അക്രമിയുടെ ലക്ഷ്യം.
എന്നാല്‍, ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര പൊലീസ് സെക്യൂരിറ്റി ടീമിലെ ഇന്‍സ്പെക്ടര്‍ സന്തോഷ് കേന്ദ്രെയുടെ കണ്ണുകള്‍ പ്രതിയുടെ സംശയാസ്പദമായ നീക്കം കൃത്യമായി കണ്ടുപിടിച്ചു. കണ്ചിമ്മുന്ന വേഗത്തില്‍ സന്തോഷ് അക്രമിയുടെ മേലേക്ക് ചാടിവീഴുകയും ആയുധം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമിയുടെ ലക്ഷ്യം തകര്‍ന്നതോടെ ബാദലിന്റെ കയ്യില്‍ നിസ്സാര പരിക്കുകളോടെ അപകടം ഒഴിവായി. പോരാട്ടത്തിനിടെ ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ കൈക്കും പരിക്കേറ്റു.
ഗുരുദ്വാരയിലെ ജീവനക്കാരന് കൂടിയായ ജസ്പാല്‍ സിങ്ങിനെ പൊലീസ് ഉടന്‍ തന്നെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ബാദലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2001-ല്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറി ഇന്‍സ്പെക്ടര്‍ പദവിയിലെത്തിയ സന്തോഷ് കേന്ദ്രെയുടെ ഈ മിന്നല്‍ പ്രതികരണമാണ് ഒരു വലിയ രാഷ്ട്രീയ കൊലപാതകം ഒഴിവാക്കിയത്.
സംഭവത്തിന് ശേഷം സന്തോഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബാദലിന്റെ ഭാര്യയും എംപിയുമായ ഹര്‍സിമ്രത് കൗര്‍ അദ്ദേഹത്തിന് വ്യക്തിപരമായി നന്ദി അറിയിച്ചു. പ്രത്യുപകാരമായി എന്താണ് ചെയ്തു നല്‍കേണ്ടതെന്ന് ഹര്‍സിമ്രത് ചോദിച്ചപ്പോള്‍ ‘ഇത് എന്റെ കടമ മാത്രമാണ്, ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാണ് ഞങ്ങള്‍ പരിശീലനം നേടിയിട്ടുള്ളത്’ എന്നായിരുന്നു ആ ധീര ഉദ്യോഗസ്ഥന്റെ എളിമയാര്‍ന്ന മറുപടി. സന്തോഷ് കേന്ദ്രെയുടെ ധീരതയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ രാജ്യം.
Tags: Sukhbir Singh Badal Attack, Santosh Kendre, Maharashtra Police, Nanded Gurudwara, Crime News, National News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



