21
Jun 2024
Tue
21 Jun 2024 Tue
Sheikh Abdul Wahhab named as successor of Sheikh Saleh Al-Shaibi.jpg

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തിരഞ്ഞെടുത്തു. കഅ്ബാലയത്തിന്റെ 77ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്ന ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ശൈഖ് അബ്ദുല്‍ വഹാബ് ബിന്‍ സൈനുല്‍ ആബിദീനെ പുതിയ നിയോഗമേല്‍പ്പിച്ചത്. ഔപചാരിക ചടങ്ങില്‍ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമു ഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്. കിസ്വ നിര്‍മാണ കോംപ്ലക്സില്‍ നിര്‍മിച്ച പ്രത്യേക സഞ്ചികളിലാക്കി താക്കോലുകള്‍ കൊണ്ടുവന്ന് താക്കോലുകള്‍ ഓരോന്നായി പുറത്തെടുത്ത് പരിചയപ്പെടുത്തിയ ശേഷം സഞ്ചികളിലാക്കി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാറുകയായിരുന്നു.

പ്രവാചകന്റെ കാലം മുതലുള്ള 78ാമത്തെയും മറ്റു ഗോത്രങ്ങളെ പുറത്താക്കി മക്കയില്‍ ഖുറൈശി ഗോത്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിച്ച ഖുസയ് ബിന്‍ കിലാബിന്റെ കാലം മുതലുള്ള 110ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി.

കഅ്ബാലയം തുറക്കല്‍, അടയ്ക്കല്‍, ശുചീകരണം, കഴുകല്‍, കിസ്വ അണിയിക്കല്‍, കീറിയ കിസ്വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല താക്കോല്‍ സൂക്ഷിപ്പുകാരനാണ്.