വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിക്കിടെ വെടിവയ്പ്പ്. (Donald Trump live news: Ex-US president ‘safe’ after shots fired at rally) പെന്‍സില്‍വാനിയയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വേദിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കേയാണ് സംഭവം. മുഖത്ത് നിന്ന് ചോര ഒലിക്കുന്ന രീതിയില്‍ ട്രംപിനെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ വേദിയില്‍ നിന്ന മാറ്റി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. റാലിക്കെത്തിയ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റു.
|
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്ന ട്രംപ് പ്രസംഗിക്കുന്നതിനിടെ പെട്ടെന്ന് താഴോട്ട് വീഴുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ കവളില്‍ നിന്ന് രക്തം ഒഴുകുന്ന രീതിയില്‍ എഴുന്നേല്‍ക്കുന്നതും കാണാം.

വീണിടത്തു നിന്ന് എഴുന്നേറ്റ ട്രംപ് ചോര പുരണ്ട കൈകള്‍ ഉയര്‍ത്തി ‘പോരാടുക’ എന്ന് വിളിച്ചു പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെ അദ്ദേഹത്തെ വേദിയില്‍ നിന് മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് രഹസ്യാന്വേഷണ സര്‍വീസ് വിഭാഗം മേധാവി അന്റണി ഗുഗ്ലിയേമി പറഞ്ഞു.
തൊട്ടടുത്ത് കെട്ടിടത്തിന് മുകളില്‍ നിന്നാണ് വെടിവയ്പ്പ് നടന്നതെന്നും അവിടെ ഒരാള്‍ റൈഫിളുമായി നില്‍ക്കുന്നത് കണ്ടെന്നും ദൃക്‌സാക്ഷികളിലൊരാള്‍ ബിബിസിയോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയുടെ തല വെടിവച്ചു തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് സുരക്ഷിതനാണെന്നതില്‍ ആശ്വാസം പ്രകടിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും രാജ്യം ഒട്ടാകെ ഒരുമിച്ച് നിന്ന് ഇതിനെ അപലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വലത് ചെവിക്ക് പരിക്കേറ്റെന്ന് ട്രംപ്
തന്റെ വലത് ചെവിയുടെ മുകള്‍ ഭാഗത്ത് പരിക്കേറ്റതായി ട്രംപ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ചൂളംവിളി പോലെയും വെടി ശബ്ദവും കേട്ടപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു വെടിയുണ്ട തൊലിയിലൂടെ കടന്നു പോകുന്നത് എനിക്ക് അനുഭവപ്പെട്ടു ദൈവം അമേരിക്കയെ രക്ഷിക്കട്ടെ-ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


