ന്യൂഡല്‍ഹി: ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ അഖില്‍ ജോയ(26)ന്റെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്. രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് അഖിലിന്റെ ദാരുണാന്ത്യം. ഉക്രെയ്‌നിലെ ഒഡേസ തീരത്ത് എം.വി ഗോള്‍ഡന്‍ ലീവോ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ജോയന്‍ കൊല്ലപ്പെട്ടത്.
|
കഴിഞ്ഞ ആറ് വര്‍ഷമായി ഈ കപ്പലില്‍ മാരിനറായി ജോലി ചെയ്തുവരികയായിരുന്നു അഖില്‍. വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ആഫ്രിക്കന്‍ രാജ്യമായ ഗിനിയ-ബിസാവുവിന്റെ പതാകയേന്തിയ കപ്പലിന് നേരെ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ഉക്രെയ്‌നില്‍ നിന്ന് ചോളം കയറ്റി ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ടയുടന്‍ കപ്പലിന് നേരെ റഷ്യ ആക്രമണം നടത്തുകയായിരുന്നു. അഞ്ച് സിറിയന്‍ നാവികര്‍ ഉള്‍പ്പെടെ 10 ജീവനക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തി.
കണ്ണീരണിഞ്ഞ് നാട്
ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായ ജോയന്റെയും ഇന്‍ഷുറന്‍സ് ഏജന്റായ സാലിയുടെയും ഏക മകനാണ് അഖില്‍. ഒരു സാധാരണ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സായിരുന്ന അഖില്‍ അടുത്തിടെയാണ് പുതിയ വീട് നിര്‍മ്മിച്ചത്. മൂന്ന് മാസം മുന്‍പ് സ്വന്തം വിവാഹനിശ്ചയത്തിനാണ് അഖില്‍ അവസാനമായി നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി രണ്ടു മാസത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കെ ഒരു മാസം മുന്‍പാണ് താരം ജോലിയില്‍ തിരികെ പ്രവേശിച്ചത്.
നാട്ടിലെ അറിയപ്പെടുന്ന വടംവലി താരം കൂടിയായിരുന്നു അഖില്‍. ഭാവി മുന്‍നിര്‍ത്തി നിലവിലെ ജോലിയില്‍ നിന്നും പുതിയൊരു ജോലിയിലേക്ക് മാറാനുള്ള ശ്രമങ്ങളിലായിരുന്നു താരം. തിങ്കളാഴ്ച വൈകീട്ട് ഷിപ്പിംഗ് കമ്പനിയില്‍ നിന്ന് ലഭിച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് ദുരന്തവാര്‍ത്ത കുടുംബം അറിയുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി
അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി റഷ്യന്‍ കോണ്‍സുലേറ്റുമായും വിദേശകാര്യ മന്ത്രാലയവുമായും ഏകോപനം നടത്താന്‍ നോര്‍ക്ക (NORKA) വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 19-ാം വയസ്സില്‍ മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്ന അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ജനപ്രതിനിധികളും അധികൃതരും സജീവമായി രംഗത്തുണ്ട്.
Akhil Joyan Kerala sailor killed Russia attack


