01
Jul 2024
Tue
01 Jul 2024 Tue
sanni home

മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍പെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. (Body of missing woman found in Karnataka landslide; The search for Arjun continues; Ranjith stopped the Israeli) കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് സംഭവ സ്ഥലത്തുനിന്ന് 12 കി.മീ അകലെ ഗോകര്‍ണത്തിന് സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്. പുഴയുടെ മറുകരയില്‍ കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതശരീരം എന്ന് കരുതുന്നു. മണ്ണിടിഞ്ഞ് വന്‍തോതില്‍ പുഴയില്‍ പതിച്ചപ്പോള്‍ മറുകരയില്‍ വെള്ളം ഉയരുകയും പുഴ ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നു. കരയില്‍ പൂര്‍ണമായും തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് പുഴ കേന്ദ്രീകരിച്ചാണ് അര്‍ജുനായുള്ള തെരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകീട്ട് പുഴയില്‍ നടത്തിയ റഡാര്‍ പരിശോധനയില്‍ കരയില്‍നിന്ന് 28 മീറ്റര്‍ മാറി ഒരു സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാവും തുടര്‍പരിശോധന.

അതേസമയം, രഞ്ജിത്ത് ഇസ്രായേലി ഉള്‍പ്പെടെയുള്ള സിവിലിയന്മാരെ ഇനിയങ്ങോട്ട് തിരച്ചിലില്‍ സഹകരിപ്പിക്കില്ലേണ്ടതാണ് അധികൃതരുടെ തീരുമാനം. സൈന്യവും എന്‍ഡിആര്‍എഫും സംയുക്തമായാണ് ഇനി തിരച്ചില്‍ നടത്തുക. രക്ഷാപ്രവര്‍ത്തകരുടെ അമിതമായ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് എസ്പി നാരായണ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. കുത്തിയൊലിച്ചെത്തിയ മണ്ണിനൊപ്പം ലോറി പുഴക്കടിയില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യതയാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഷിരൂരില്‍ അപകടം നടന്നതിന് തൊട്ടുമുമ്പ് ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹം പകര്‍ത്തിയ പ്രദേശത്തിന്റെ ചിത്രങ്ങള്‍ ഉത്തരകന്നഡ ജില്ല ഭരണകൂടത്തിന് തിങ്കളാഴ്ച ഐ.എസ്.ആര്‍.ഒ കൈമാറി. ഈ ചിത്രങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

റോഡിലെ മണ്‍കൂനയില്‍ 98 ശതമാനവും നീക്കിയെന്നും ലോറിയുടെ സാന്നിധ്യം ഇല്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈന്യത്തിന്റെ അത്യാധുനിക റഡാര്‍ സംവിധാനമായ ഫെറക്‌സ് ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്ഷന്‍ എന്നിവ ഉപയോഗിച്ച് അവസാന പ്രതീക്ഷയുമായി തിങ്കളാഴ്ച കരയില്‍ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍, കരയില്‍ ലോറിയുടെ സാന്നിധ്യമില്ലെന്ന് വൈകീട്ടോടെ സേനയുടെ സ്ഥിരീകരണമെത്തി.