ചെന്നൈ: അമ്മ വാങ്ങിയ കടംവീട്ടാൻ 16കാരിയായ മകളെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിച്ചു. കൃത്യത്തിന് അമ്മയും കൂട്ടുനിന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പുലിയാൻതോപ്പിലാണ് സംഭവം.
|
16കാരിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മുത്തുലക്ഷ്മി എന്ന സ്ത്രീയിൽ നിന്ന് 40000 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നതോടെ 16കാരിയെ അമ്മ മുത്തുലക്ഷ്മിയുടെ വീട്ടിൽ ജോലിക്ക് നിർത്തി. ഇവിടെ വച്ച് മുത്തുലക്ഷ്മി 16കാരിയെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തു.
ഇതോടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങുകയും വിവരം അമ്മയെ അറിയിക്കുകയും ചെയ്തു. എന്നാൽ അവിടേക്ക് തന്നെ മടങ്ങിപ്പോവാനായിരുന്നു അമ്മയുടെ മറുപടി. ഇതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും കാമുകനൊപ്പം താമസമാരംഭിക്കുകയും ചെയ്തു.
മുത്തുലക്ഷ്മിയുടെ വീട്ടിലേക്ക് മടങ്ങിപ്പോവാനാവാശ്യപ്പെട്ട് അമ്മ ഇടയ്ക്കിടെ ഫോണിൽ വിളിച്ച് നിർബന്ധം തുടങ്ങിയതോടെ പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പോലീസ് പെൺകുട്ടിയുടെ അമ്മ, മുത്തുലക്ഷ്മി, ഭർത്താവ് നിശാന്ത്, ബന്ധുക്കളായ അജിത്ത്(22), സഞ്ജയ്(22), മംഗേശ്വരൻ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


