2024ലെ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ ദോഹയില്‍ നടക്കും.(Qatar will host the FIFA Intercontinental Cup matches) ഫിഫ പുതുതായി പ്രഖ്യാപിച്ച ഈ ടൂര്‍ണമെന്റില്‍ ആറ് വ്യത്യസ്ത കോണ്ടിനെന്റല്‍ ഫെഡറേഷനുകളില്‍ നിന്നുള്ള ടീമുകള്‍ ഏറ്റുമുട്ടും.
|
2025 മുതല്‍ നാല് വര്‍ഷം കൂടുമ്പോള്‍ 32 ടീമുകളെ ഉള്‍പ്പെടുത്തി നടക്കാന്‍ പോകുന്ന ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, ക്ലബ് ലോകകപ്പിന് പകരമായാണ് നടക്കുന്നത്.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 സെപ്തംബര്‍ 22ന് ആരംഭിക്കും, ഫൈനല്‍ ഡിസംബര്‍ 18ന് ദോഹയില്‍ നടക്കും. ഇതില്‍ അഞ്ച് മത്സരങ്ങളാണ് ഉണ്ടാവുക. ആദ്യ രണ്ടെണ്ണം ടീമുകളുടെ സ്വന്തം രാജ്യങ്ങളിലും അവസാന മൂന്ന് മത്സരങ്ങള്‍ ഖത്തറിലുമാണ് നടക്കുക.
ALSO READ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യമെത്തി; ബിഗ് ടിക്കറ്റില്‍ വിജയികളായി വീണ്ടും ഇന്ത്യക്കാര്‍
ആദ്യ മത്സരത്തില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ അല്‍ ഐന്‍, ഒഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഓക്ലന്‍ഡ് സിറ്റിയെ സെപ്തംബര്‍ 22ന് യുഎഇയിലെ അല്‍ ഐനില്‍ നേരിടും.
ഒക്ടോബര്‍ 29നുള്ള രണ്ടാം മത്സരത്തില്‍, ആദ്യ മത്സരത്തിലെ വിജയികള്‍ ഈജിപ്തിലെ കെയ്റോയില്‍ വെച്ച് CAF ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ അല്‍ അഹ്ലിയെ നേരിടും.
ഡെര്‍ബി ഓഫ് അമേരിക്കാസ് എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ മത്സരം ഡിസംബര്‍ 11ന് നടക്കും, അതില്‍ കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായ പാച്ചുക, കോണ്‍മെബോള്‍ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരുമായി മത്സരിക്കും. നവംബര്‍ 30നാണ് കോണ്‍മെബോള്‍ ലിബര്‍ട്ടഡോറസ് ഫൈനല്‍.
ഡിസംബര്‍ 14ന്, രണ്ട്, മൂന്ന് മത്സരങ്ങളിലെ വിജയികള്‍ ചലഞ്ചര്‍ കപ്പിനും കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇടം നേടുന്നതിന് വേണ്ടിയും മത്സരിക്കും.
ഒടുവില്‍, ഖത്തര്‍ ദേശീയ ദിനവും 2022 ലെ ഫിഫ ലോകകപ്പ് ഫൈനലിന്റെ രണ്ടാം വാര്‍ഷികവുമായ ഡിസംബര്‍ 18ന്, ചലഞ്ചര്‍ കപ്പ് ജേതാക്കള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടും.


