24
Oct 2024
Sat
24 Oct 2024 Sat
Popular Front ED

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി.(ED has confiscated properties worth 56 crores of Popular Front)  കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പോപുലര്‍ ഫ്രണ്ടിന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പൂരിലുമായി 13,000 സജീവ അംഗങ്ങളുണ്ടെന്നും ഇഡി റിപോര്‍ട്ടില്‍ പറുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ അന്വേഷണ ഏജന്‍സിയും മറ്റ് വിവിധ അന്വേഷണ ഏജന്‍സികളും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.

ബാങ്ക്, ഹവാല, സംഭാവന വഴി ഫണ്ട് സമാഹരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. 94 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തത്. ഈ തുക കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, അസം, ജമ്മു കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്ന് ഇഡി പറയുന്നു.

ALSO READ: പോപുലര്‍ ഫ്രണ്ട് കേസ്; എന്‍ഐഎ സാക്ഷി മൊഴി തിരുത്തിയെന്ന് സുപ്രിം കോടതി; ഗുരുതര വീഴ്ച്ചയ്ക്ക് വിശദീകരണം നല്‍കണം

2021 ഫെബ്രുവരി മുതല്‍ 2024 മെയ് വരെയുള്ള കാലയളവിലെ കേസുകളില്‍ സംഘടനയുമായി ബന്ധപ്പെട്ട 26 പേരെ അറസ്റ്റ് ചെയ്തതായും ഇതില്‍ 9 പേര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായും ഇഡി റിപോര്‍ട്ടിലുണ്ട്.

ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ക്കാണ്(ഡിഇസി) വിദേശത്ത് ഫണ്ട് ശേഖരിക്കാനുള്ള ചുമതലയത്രെ. ഓരോ ഡിഇസിക്കും നിശ്ചിത ടാര്‍ജറ്റ് നല്‍കിയാണ് പിരിവ് നടക്കുന്നത്. ഈ തുക വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കൈമറിഞ്ഞ് ആണ് സംഘടനക്കെത്തുന്നതെന്നും ഹവാല വഴിയും പണമെത്തിക്കുന്നുവെന്നും ഇഡി ആരോപിക്കുന്നു.

പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ എവിടെയും സ്വത്തുക്കളില്ലെന്നും വ്യാജ പേരുകളിലാണ് എല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് മറ്റൊരു ആരോപണം.

ബഷീര്‍ ടിവി, അബ്ദുല്‍ സലാം ടി പി എന്നിവരുടെ പേരുകളിലുള്ള സ്വത്തുക്കള്‍ക്ക് പുറമേ കേരളത്തില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുടെ പേരുകളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

സത്യസരണി എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, മിറാജ് വെല്‍ഫെയര്‍ ട്രസ്റ്റ്, റഹ്‌മത്ത് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കമ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍, സേവന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ആക്‌സസ് എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മലപ്പുറം, ഒബലിസ് പ്രോപര്‍ട്ടീസ് ആന്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്, ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ്, വട്ടംകുണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ്, പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്, കരുണ എജുക്കേഷന്‍ ആന്റ് സോഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട്ടെ ഹെക്റ്റ പ്രോപര്‍ട്ടീസ് ആന്റ് ഡവലപ്പേഴസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഇതില്‍പ്പെടുന്നു.

ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്(ഇടുക്കി), പനമരം ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ്(വയനാട്), കാരുണ്യ ഫൗണ്ടേഷന്‍ ട്രസ്റ്റ്(കൊല്ലം) എന്നിവയുമായ ബന്ധപ്പെട്ട സ്വത്തുക്കളും കണ്ടുകെട്ടി. ഇതിന് പുറമേ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ്(തൃശൂര്‍), കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍(എടപ്പള്ളി), ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സോഷ്യല്‍ തോട്ട്, ഹിദായത്തുല്‍ ഇസ്ലാം സഭ/പീസ് വാലി കള്‍ച്ചറല്‍ ട്രസ്റ്റ്(കോട്ടയം), നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്(പാലക്കാട്), പീസ് വാലി കള്‍ച്ചറല്‍ ട്രസ്റ്റ്(തലനാട്), ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് (കാര്യവട്ടം) തുടങ്ങിയവയുടെ സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ പെടുമെന്ന് ഇഡി വ്യക്തമാക്കി.

നേരത്തേ പോപുലര്‍ ഫ്രണ്ടിന്റെ 24 അക്കൗണ്ടുകള്‍, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഏഴ് അക്കൗണ്ടുകള്‍, 16 സ്ഥാവര സ്വത്തുക്കള്‍ ഉള്‍പ്പെടെ 5.61 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടിയിരുന്നു.