24
Jun 2026
Wed
24 Jun 2026 Wed
Fête de la Musique

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ വാര്‍ഷിക തെരുവ് സംഗീതോത്സവമായ ‘ഫെറ്റ് ഡി ലാ മ്യൂസിക്’ (Fete de la Musique) കടുത്ത അക്രമങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കൊള്ളയടിക്കും സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷഭരിതമായ സാഹചര്യത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി 243 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമമായ ‘ദി ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരീസില്‍ നടന്ന സൗജന്യ ഓപ്പണ്‍ എയര്‍ സംഗീതോത്സവത്തില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് ബ്രിട്ടീഷ്, ഐറിഷ് വിനോദസഞ്ചാരികളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഈ വലിയ പരിപാടി ഒടുവില്‍ അരാജകത്വത്തിലേക്കും വന്‍ അക്രമങ്ങളിലേക്കും വഴിമാറുകയായിരുന്നു. നഗരത്തിലെ തെരുവുകള്‍ ഒരു യുദ്ധക്കളത്തിന് സമാനമായെന്നാണ് ദൃക്സാക്ഷികള്‍ വിവരിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെ ആസൂത്രിത അതിക്രമം

ഉത്സവത്തിനിടയില്‍ സ്ത്രീകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത മാരക പദാര്‍ത്ഥങ്ങള്‍ അടങ്ങിയ സിറിഞ്ചുകള്‍ ഉപയോഗിച്ച് പത്തോളം സ്ത്രീകളെ കുത്തിവെച്ചതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിലും സമാനമായ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ സൂചിപ്രയോഗം നടന്നിരുന്നു. പാരീസിലെ ഒരു സ്വകാര്യ വസതിയില്‍ വെച്ച് ഒരു യുവതി ഇത്തരത്തില്‍ സിറിഞ്ച് വഴി ലഹരിമരുന്ന് കുത്തിവെക്കപ്പെട്ടതിന് ശേഷം ബലാത്സംഗത്തിന് ഇരയായി. നോഗെന്റ്-സുര്‍-മാന്‍ എന്ന സ്ഥലത്ത് ഒരു 15-കാരി പീഡിപ്പിക്കപ്പെട്ടതായും പരാതിയുണ്ട്. ഗാഗ്‌നിയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

തെരുവ് യുദ്ധവും കൊള്ളയും

france music festival

നോത്രഡാം കത്തീഡ്രലിന് സമീപമുള്ള ചാറ്റെലെറ്റ് മേഖലയില്‍ രാത്രി 11 മണിയോടെയാണ് ആദ്യമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വന്‍ ജനത്തിരക്ക് മുതലെടുത്ത് യുവാക്കളുടെ സംഘങ്ങള്‍ തമ്മിലടിക്കുകയും കാല്‍നടയാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ മാത്രം 148 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘങ്ങള്‍ കാറുകളുടെ ജനലുകള്‍ തകര്‍ക്കുകയും കടകള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സെന്റ് ജെര്‍മെയ്ന്‍ ഡെ പ്രെസ് മേഖലയില്‍ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു.

പാരീസിന് പുറമെ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലേക്കും അക്രമം പടര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മേഖലയായ ടൗലൂസില്‍ 40-കാരനും സമീപ പ്രദേശമായ കൊളോമിയേഴ്‌സില്‍ 40-കാരിക്കും കുത്തേറ്റു. ഇരുവരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

5,000-ത്തോളം പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നിട്ടും അക്രമം തടയാന്‍ സാധിച്ചില്ല എന്നത് വലിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025-ലെ സംഗീതോത്സവത്തിലുണ്ടായ കടുത്ത ലൈംഗിക അതിക്രമങ്ങളെത്തുടര്‍ന്ന് ഇത്തവണ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം സുരക്ഷിത മേഖലകള്‍ അധികൃതര്‍ ഒരുക്കിയിരുന്നുവെങ്കിലും ഈ പ്രതിരോധ നടപടികളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് അക്രമികള്‍ താണ്ഡവമാടിയത്. 1990-കളിലെ ഈ സംഗീതോത്സവത്തിന്റെ ഭംഗിയും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

Women Drugged, Raped, Stabbed As France’s Annual Music Night Turns Deadly