13
Jun 2026
Wed
13 Jun 2026 Wed
LUDHIANA CRIME CASE

ചണ്ഡീഗഡ്: കാണാതായ മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ 68-കാരനായ പിതാവിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. കൊലചെയ്യപ്പെട്ടു എന്ന് ബന്ധുക്കള്‍ ആരോപിച്ച മകള്‍ കാനഡയില്‍ സുരക്ഷിതമായി ജീവിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ്. ലുധിയാന സ്വദേശിയും ജര്‍മ്മന്‍ പൗരനുമായ ബല്‍ബീര്‍ സിംഗിനാണ് കോടതി നീതി ഉറപ്പാക്കിയത്. ഒന്നാം ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിന്റെ പശ്ചാത്തലം ഇങ്ങനെ:

ജര്‍മ്മനിയില്‍ രണ്ടാം ഭാര്യയോടൊപ്പം താമസിക്കുന്ന ബല്‍ബീര്‍ സിംഗ്, 2013 ജനുവരിയില്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരൂഹമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ലുധിയാനയിലെ ഭട്ടിയന്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ആദ്യഭാര്യ ഹര്‍പാല്‍ കൗറും (50) മകള്‍ ദേവീന്ദര്‍ കൗറും (27) നാല് ദിവസത്തെ വ്യത്യാസത്തില്‍ പെട്ടെന്ന് അപ്രത്യക്ഷരായി. തുടര്‍ന്ന് ജനുവരി 31-ന് ബല്‍ബീര്‍ ജര്‍മ്മനിയിലേക്ക് മടങ്ങി.

എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍പാലിന്റെ പിതാവും സഹോദരന്‍ ആത്മ സിംഗും ചേര്‍ന്ന് ബല്‍ബീറിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ബല്‍ബീര്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നും, മകള്‍ ദേവീന്ദറിനെയും വകവരുത്തിയെന്നുമായിരുന്നു ആരോപണം. ഈ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറില്‍ ഇന്ത്യയിലെത്തി കീഴടങ്ങിയ ബല്‍ബീര്‍ വിചാരണ നേരിടുകയായിരുന്നു. തന്റെ 25 ഏക്കര്‍ ഭൂമിയും വീടും തട്ടിയെടുക്കാന്‍ ഭാര്യാസഹോദരന്‍ കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ബല്‍ബീറിന്റെ വാദം. ഹര്‍പാലിന്റെ മൃതദേഹം കണ്ടെത്താനാകാത്തതിനാലും തെളിവുകളുടെ അഭാവത്താലും 2025 ജൂലൈയില്‍ ലുധിയാന കോടതി ഇയാളെ വെറുതെ വിട്ടു.

കാനഡയില്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തി പോലീസ്

ഇതിനിടെ, 11 വര്‍ഷമായി വിവരമൊന്നുമില്ലാത്തതിനാല്‍ മകള്‍ ദേവീന്ദര്‍ കൗറിനെ കൊലപ്പെടുത്തിയതിനും ബല്‍ബീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യാസഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ലുധിയാന റൂറല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദേവീന്ദര്‍ കൗര്‍ കാനഡയില്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തി.

ALSO READ: കൊലപാതകത്തിന് നാല് ദിവസം മുന്‍പും വധശ്രമം; ‘പാമ്പ്’ എന്ന് നിലവിളിച്ച് കെട്ടിപ്പിടിച്ച് പ്രതിശ്രുത വധു, ഒടുവില്‍ ദാരുണാന്ത്യം

അവളുടെ പാസ്പോര്‍ട്ട്, ഇമിഗ്രേഷന്‍ രേഖകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കിയ പോലീസ്, അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയുമായി വീഡിയോ കോളില്‍ സംസാരിച്ചതായും ബോധിപ്പിച്ചു. 2013 ജനുവരി 25-ന് കാണാതായി എന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ഇന്ത്യ വിട്ടിരുന്നതായും അതിനുശേഷം രണ്ട് തവണ നാട്ടില്‍ വന്നുപോയതായും രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണം ഭര്‍ത്താവുമായി പിണങ്ങി ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം വിദേശത്തേക്ക് കടക്കുകയായിരുന്നു.

ഇതോടെ, മകളെ പിതാവ് കൊലപ്പെടുത്തിയെന്ന ആരോപണം പരാതിക്കാരന്റെ വെറും ഭാവന മാത്രമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജൂണ്‍ 5-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ബല്‍ബീറിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി.

13 വര്‍ഷത്തിനു ശേഷം നീതി

‘എന്റെ ഭാര്യയെയും മകളെയും ഞാന്‍ കൊന്നിട്ടില്ലെന്ന് തെളിയിക്കാന്‍ 13 വര്‍ഷമാണ് എനിക്ക് പോരാടേണ്ടി വന്നത്. ദൈവത്തോട് നന്ദി പറയുന്നു. നാളെ എന്റെ ആദ്യഭാര്യ ഹര്‍പാലും എവിടെയെങ്കിലും ജീവനോടെയുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. അവരെ കണ്ടെത്താനായി ഞാന്‍ കാനഡയിലേക്കും യുകെയിലേക്കും പോകാന്‍ പദ്ധതിയിടുന്നുണ്ട്,’ വിധിക്ക് ശേഷം ബല്‍ബീര്‍ സിംഗ് പ്രതികരിച്ചു. അതേസമയം, ചില ബന്ധുക്കളുമായി ദേവീന്ദര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും, തനിക്കെതിരെ നാട്ടില്‍ കൊലപാതകക്കേസ് നടക്കുന്നത് അവള്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.

NRI from Ludhiana cleared in a second murder charge

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക