|
പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സ്‌റ്റൈപ്പെന്‍ഡോടെ നഴ്‌സിങ് പഠനവും ജോലിയും… എങ്ങിനെയുണ്ട് അടിപൊളി അല്ലേ. എന്നാല്‍ അതിന് അവസരം ഒരുക്കിയിരിക്കുകയാണ് കേരളാ സര്‍ക്കാരിന് കീഴിലുള്ള Norka Roots. ജര്‍മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേക്കാണ് അപ്പോള്‍ അപേക്ഷിക്കാന്‍ അവസരമുള്ളത്. ഇതിനുളള അവസാന തീയതി 2024 നവംബര്‍ 06 വരെ നീട്ടി. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസരം.
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
യോഗ്യത
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍ പ്ലസ്ടുവിന് 60 ശതമാനത്തോടെ വിജയം. ഇതോടൊപ്പം ജര്‍മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്ന് 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത).
ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും (മാര്‍ച്ച് ഒന്ന് പരിഗണിക്കും) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറുമാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം.
ജര്‍മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
https://www.norkaroots.org/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
Study Nursing & job in Germany apply till November 6


