13
Nov 2024
Fri
13 Nov 2024 Fri
Soubin Shahir Parava films raid

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തി.(Raid on Soubin Shahir’s Parava Films; Rs 60 crore tax evasion)  60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശോധന തുടരുകയാണെന്നും സൗബിന്‍ ഷാഹിറില്‍ നിന്ന് വിശദീകരണം തേടുമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പറവ ഫിലിംസിന്റെ എളംകുളത്തെ ഓഫീസ്, പുല്ലേപ്പടി ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്.

രാത്രി വൈകിയും പരിശോധന തുടര്‍ന്നിരുന്നു. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചായിരുന്നു അന്വേഷണം.

ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിക്കും; 5 വര്‍ഷത്തിനിടെ പ്രദര്‍ശന വിജയം നേടിയ മലയാള സിനിമകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

പറവ ഫിലിംസ് നിര്‍മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമാണ് കൂടുതല്‍ പരിശോധനകളിലേക്കു നയിച്ചത്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. നിര്‍മാതാക്കളായ പറവ ഫിലിംസ് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന ആലപ്പുഴ അരൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍.

140 കോടിയോളം രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്നുള്ള വരുമാനം. എന്നാല്‍ നികുതിയിനത്തില്‍ അടയ്‌ക്കേണ്ട 40 കോടിയോളം രൂപ അടച്ചില്ലെന്നാണ് കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നും സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്.

പറവ ഫിലിംസിന്റെ സാമ്പത്തിക സ്രോതസില്‍ ദുരൂഹതയുണ്ടെന്ന് ആദായനികുതി വകുപ്പ് പ്രതികരിച്ചു. നിര്‍മാണക്കമ്പനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇഡിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നടന്‍ സൗബിന്റെ പിതാവ് ബാബു ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളതാണ് പറവ ഫിലിംസ്.

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൗബിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും.