23
Jan 2025
Thu
23 Jan 2025 Thu
Sanatan Seva samithi delhi aap

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം. (AAP’s alternative to BJP’s Hindutva politics; Sanatan Seva Samiti formed) ഡല്‍ഹിയിലെ പ്രമുഖ സന്യാസി മഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ച് ‘സനാതന്‍ സേവാ സമിതി’ രൂപീകരിച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഈ നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും സ്വാമിമാരെയും പങ്കെടുപ്പിച്ചാണ് സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുരോഹിത സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ദൈവം ഞങ്ങളെ തിരഞ്ഞെടുത്തു. സനാതന്‍ സേവാ സമിതി ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പാണ് നടത്തുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഈ പദ്ധതി കേവലം സാമ്പത്തിക സഹായം മാത്രമല്ല, പുരോഹിത സമൂഹത്തോടുള്ള ആദരവിന്റെ പ്രതീകമാണെന്ന് ജഗദ്ഗുരു മഹാമണ്ഡലേശ്വര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതര്‍ക്കും 18000 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

പൂജാരി ഗ്രന്ഥി സമ്മാന്‍ എന്ന് പേരിട്ട പദ്ധതിയുടെ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. സനാതന ധര്‍മവുമായി ബന്ധപ്പെട്ട വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെ ജനപ്രിയമാക്കാന്‍ ഈ സംരംഭത്തിന് കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിന് ബദലായി മൃദുഹിന്ദുത്വ രാഷ്ട്രീയം പയറ്റാനാണ് കെജ്‌രിവാളിന്റെ ശ്രമം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി നേരത്തെതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും വിജയം ലക്ഷ്യമിടുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക