കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശികള്‍ ജോലിക്ക് ലഭ്യമല്ലാത്ത പദവികളില്‍ ഒഴികെ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും സേവന കരാര്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം പുതുക്കി നല്‍കുന്നതല്ല.
|
സ്വദേശി സ്ത്രീകളുടെ വിദേശികളായ മക്കളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയതായും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, കുവൈത്തികളെ ലഭ്യമല്ലാത്ത അപൂര്‍വം ജോലികളില്‍ വിദേശികളെ പകരം സംവിധാനം ഉണ്ടാകുന്നത് വരെ തുടരാന്‍ അനുവദിക്കും.
2017-ലെ സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11-ാം നമ്പര്‍ പ്രമേയം പ്രകാരം എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ മാറ്റിസ്ഥാപിക്കുന്നത് തുടര്‍ന്ന് വരികയാണെന്നും അധികൃതര്‍ അറിയിച്ചു
കുവൈത്ത് സ്വദേശികള്‍ക്ക് പ്രിയം സര്‍ക്കാര്‍ സര്‍വീസ്
കുവൈത്തില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യം കുറയുന്നതായാണ് കണക്കുകള്‍. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം കുറഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) വ്യക്തമാക്കുന്നു.
2023ല്‍ 72,231 സ്വദേശികളാണ് കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നത്. 2024 ഡിസംബറോടെ ഇവരുടെ എണ്ണം 70,756 ആയി കുറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 1475 പേരുടെ കുറവ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി.
കുവൈറ്റൈസേഷന്റെ പുതിയ നിയമങ്ങള്‍ (11/2017 റെസല്യൂഷന്‍) 5 വര്‍ഷത്തെ പദ്ധതി പ്രകാരം നിലവില്‍ വന്നതോടെ, പ്രവാസികളുടെ കണക്കുകള്‍ 66,000 ആയി കുറഞ്ഞു, ഇവരില്‍ ഭൂരിഭാഗവും ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരാണ്.


