20
Feb 2025
Fri
20 Feb 2025 Fri
Shafi Parambil MP at Jeddah

ജിദ്ദ: ഇന്ത്യന്‍ പ്രവാസികളുടെ പൊതു ആവശ്യങ്ങളില്‍ ഇടപെടാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഷാഫി പറമ്പില്‍ എം പി ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ പ്രവാസികള്‍ക്ക് ഇന്ത്യക്കകത്തുള്ള പൗരന്മാരേക്കാള്‍ ഉയര്‍ന്ന തോതില്‍ നികുതി അടക്കേണ്ടിവരുമെന്ന കേന്ദ്ര ഗവര്‍മ്മെന്റിന്റെ തീരുമാനം പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താനുള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള എല്ലാ എം പി മാരുടെയും പാര്‍ലമെന്റില്‍ ഇതിന് എതിരേ പ്രതികരിച്ചിട്ടുണ്ട്. ഇനിയും ഇക്കാര്യം ശക്തമായി തന്നെ സഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് എയര്‍പോട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ആശങ്കയുണ്ട്. കോഴിക്കോട് ജിദ്ദ സെക്ടറില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക എന്നതാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള വഴി അതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് അധികമായി നല്‍കേണ്ടി വരുന്ന പണത്തിന് പരിഹാരം കാണേണ്ടതുണ്ട്.

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ സൗദിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള പഠനത്തിന് സൗകര്യമില്ലാത്തത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കും. ഓഫ് കാംപസുകളും നീറ്റ് എക്‌സാം സെന്ററും ജിദ്ദ കേന്ദ്രീകരിച്ചു അനുവദിക്കുവാനും പാര്‍ലിമെന്റില്‍ തനിക്ക് ആവുന്നതെല്ലാം ചെയ്യും. ഹജ്ജ് വളന്റീയര്‍ വിഷയത്തിലെ സങ്കീര്‍ണതകള്‍ ജിദ്ദ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച നടത്തിട്ടുണ്ട്. കോണ്‍സുലേറ്റിന് സാധിക്കുന്ന രീതിയില്‍ വിഷയത്തില്‍ ഇടപെടുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

പാതിവില തട്ടിപ്പില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ അവര്‍ അറിഞ്ഞുകൊണ്ട് സംഭവിച്ചതാണ് എന്ന് കരുതുന്നില്ല. താന്‍ പോലും അതില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. തങ്ങളുടെ മണ്ഡലത്തിലെ അര്‍ഹരായവര്‍ക്ക് സഹായമായി ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാവില്ല അതിനോട് യോജിക്കുന്നത്. ഇക്കാര്യത്തിലും അത് തന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. ശശി തരൂരിന്റെ വിവാദ പ്രസ്താവനകളോടും തുടര്‍ന്ന് വന്ന മറ്റു നേതാക്കളുടെ പ്രസ്താവനകളോടുമൊന്നും പ്രതികരിക്കാനില്ലെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി പറമ്പില്‍ പറഞ്ഞു.

ഒ.ഐ.സി.സി ജിദ്ദ റീജിനല്‍ കമ്മിറ്റി ഭാരവാഹികളായ ഹക്കീം പാറക്കല്‍, ഷരീഫ് അറക്കല്‍, സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന്‍ കാവുമ്പായി, അലി തേക്ക്‌തോട്, ആസാദ് പോരൂര്‍, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീര്‍ നദ്വി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.