14
Apr 2025
Thu
14 Apr 2025 Thu

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ കെട്ടിടത്തില്‍ ആണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരാളെ കാണാതായി. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയാണ് വാണിജ്യ സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് അപകടമുണ്ടായത്. സമീപ കടകളെയും ബാധിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ പ്രാഥമിക പരിചരണത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കെട്ടിടത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പലര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചിരുന്നു.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Several injured, one missing in Quriyat incident