16
Apr 2025
Mon
16 Apr 2025 Mon
fastest IPL century by Indian now owned by RR's 14 year old Vaibhav Suryavanshi

ഐപിഎല്ലില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ താരം വൈഭവ് സൂര്യവംശി. കേവലം 35 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ച്വറി നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ബോളര്‍മാരെ തലങ്ങും വിലങ്ങും നിര്‍ദയം പ്രഹരിച്ചായിരുന്നു രാജസ്ഥാന്റെ വണ്ടര്‍ കിഡ് അതിവേഗ ശതകം പൂര്‍ത്തിയാക്കിയത്. 38 പന്തില്‍ 101 റണ്‍സ് നേടിയാണ് വൈഭവ് പുറത്തായത്. മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ, പ്രസീദ് കൃഷ്ണ, റാഷിദ് ഖാന്‍, കരീം ജാനത്ത് തുടങ്ങിയവരൊക്കെ വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

30 പന്തില്‍ ശതകം പൂര്‍ത്തിയാക്കിയ ക്രിസ് ഗെയ്ല്‍ ആണ് വൈഭവിന് മുന്നിലുള്ളത്. 2013ല്‍ ആര്‍സിബിക്കു വേണ്ടിയായിരുന്നു ഗെയിലിന്റെ അതിവേഗ സെഞ്ച്വറി. 2010ല്‍ രാജസ്ഥാനു വേണ്ടി 37 പന്തില്‍ യൂസുഫ് പത്താന്‍ നേടിയതാണ് വേഗമേറിയ മൂന്നാം സെഞ്ച്വറി. 2013ല്‍ പഞ്ചാബിനു വേണ്ടി ഡേവിഡ് മില്ലര്‍ 38 പന്തില്‍ നേടിയ സെഞ്ച്വറി നാലാമത്തേതും.

ജയ്പൂരില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഗുജറാത്ത് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനു വേണ്ടി ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും വൈഭവും സ്വപ്‌നതുല്യമായ തുടക്കമായിരുന്നു നല്‍കിയത്. ഏഴ് ഫോറുകളുടെയും 11 സിക്‌സുകളുടെയും അകമ്പടിയോടെ വൈഭവ് 101 റണ്‍സെടുത്തപ്പോള്‍ ജയ്‌സ്വാള്‍ അര്‍ധശതകം നേടി.  40 പന്തില്‍ നിന്ന്70 റണ്‍സുമായി ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു.  15 പന്തില്‍ നിന്ന് 32 റണ്‍സുമായി ക്യാപ്റ്റന്‍ റിയാഗ് പരാഗും പുറത്താവാതെ നിന്നു. ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കെ 16ാം ഓവറിലെ അഞ്ചാം പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ സിക്‌സിനു പറത്തിയാണ് പരാഗ് ഗുജറാത്തിനെ നിഷ്പ്രഭമാക്കിയ മല്‍സരം അവസാനിപ്പിച്ചത്. വൈഭവിന്റെയും നിതീഷ് റാണ(4)യുടെയും വിക്കറ്റുകളുടെ നഷ്ടത്തില് 212 റണ്സാണ് രാജസ്ഥാന് അടിച്ചെടുത്തത്.

9 കളികളില്‍ നിന്ന് രണ്ട് ജയവും 7 തോല്‍വിയുമായി ആരാധകരെയൊന്നടങ്കം നിരാശയിലാഴ്ത്തിയ രാജസ്ഥാന്‍ ഇന്നത്തെ മല്‍സരം ജീവന്‍മരണ പോരാട്ടമായാണ് കണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓപണര്‍മാരുടെ സ്‌ഫോടനാത്മക ബാറ്റിങ്. ഇന്നത്തെ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍(10 കളികളില്‍ നിന്ന് 6 പോയിന്റ്)എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. 9 കളികളില്‍ നിന്ന് 12 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ALSO READ: ഐപിഎല്ലിലെ പ്രായംകുറഞ്ഞ കളിക്കാരനായി വൈഭവ്; 13കാരനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത് 1.1 കോടി രൂപയ്ക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക