യുവതിക്ക് ഒരേസമയം രണ്ടുയുവാക്കളുമായുള്ള പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. ഒരു കാമുകനെ മറ്റൊരു കാമുകന്‍ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ തള്ളുകയായിരുന്നു. ത്രിപുരയിലാണ് സംഭവം. 24കാരനായ ശരീഫുല്‍ ഇസ് ലാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡോക്ടറായ ദിബാകര്‍ സാഹ(28), ഇയാളുടെ മാതാപിതാക്കള്‍ എന്നിവരടക്കം ആറുപേര്‍ പിടിയിലായി.
|
ഡോക്ടറുടെ ബന്ധുവായ യുവതിയുമായി ശരീഫുല്‍ ഇസ് ലാമും പ്രണയത്തിലായിരുന്നു. യുവതിയുടെ മറ്റൊരു കാമുകനായ ഡോക്ടര്‍ ദിബാകര്‍ സാഹയ്ക്ക് ഇത് ഇഷ്ടമായില്ല. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
ദലായ് ജില്ലയിലെ ഗന്ധചേര മാര്‍ക്കറ്റില്‍ നിന്നാണ് ശരിഫുലിന്റെ മൃതദേഹം കണ്ടെത്തിയത്. ശരിഫുല്‍ ഇസ് ലാമിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ത്രികോണപ്രണയത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഡോക്ടറെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകവിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
ജൂണ്‍ എട്ടിന് വൈകീട്ട് സമ്മാനം നല്‍കാനെന്ന വ്യാജേന ദിബാകര്‍ സാഹ സൗത്ത് ഇന്ദ്രാനഗര്‍ കബര്‍ഖല പ്രദേശത്തുള്ള ജോയ്ദീപ് ദാസിന്റെ വീട്ടിലേക്ക് ശരിഫുലിനെ വിളിച്ചുവരുത്തുകയായിരുന്നു. ശരിഫുല്‍ അവിടെ എത്തിയതോടെ സാഹയും ഇയാളുടെ സഹായികളായ അനിമേഷ് യാദവും(21), നബനിത ദാസും (25) ചേര്‍ന്ന് യുവാവിനെ കൊല്ലുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം ട്രോളി ബാഗില്‍ അടച്ചു. പിറ്റേദിവസം ഡോക്ടറുടെ മാതാപിതാക്കളായ ദീപക്കും ദേബിക സാഹയും അഗര്‍ത്തലയില്‍ വരികയും ട്രോളി ബാഗുമായി ഗാന്ധിചേര മാര്‍ക്കറ്റിലുള്ള തങ്ങളുടെ കടയിലേക്ക് കൊണ്ടുപോയി ഫ്രീസറിലടച്ചുവയ്ക്കുകയായിരുന്നു. ബുധനാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






