20
Jul 2025
Thu
20 Jul 2025 Thu
PSG vs Real Madrid Highlights, PSG Thrash Real Madrid 4-0

ന്യൂയോര്‍ക്ക്: സ്പാനിഷ് കരുത്തരായ റയല്‍ മഡ്രിഡിനെ ഗോളില്‍ മുക്കി ഫ്രഞ്ച് വന്‍ന്‍മാരായ പിഎസ്ജി ക്ലബ് ലോകകപ്പ് ഫൈനലില്‍ കടന്നു. കിരീടമോഹവുമായെത്തിയ റയലിനെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. റയലിനെതിരായ വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ പിഎസ്ജിക്കായി ഫാബിയന്‍ റൂസ് ഇരട്ടഗോള്‍ നേടി. 6, 24 മിനിറ്റുകളിലായിരുന്നു റൂസിന്റെ ഗോളുകള്‍. ഉസ്മാനെ ഡെമ്പലെ (9), ഗോണ്‍സാലെ റാമോസ് (87) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജി ഇതാദ്യമായാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പിഎസ്ജി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ നേരിടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് ഫൈനല്‍ മത്സരം നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീസണില്‍ അഞ്ചാം കിരീടമാണ് ലൂയി എന്‍ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാംപ്യന്‍സ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ ഏകപക്ഷീയമായ അഞ്ചു ഗോളിന് കീഴടക്കിയായിരുന്നു പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിയത്. ഇതിന് പിന്നാലെയാണ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.

ലയണ്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെയും (4- 0) ജര്‍മന്‍ വമ്പന്‍മാരായ ബയണ്‍ മ്യൂണിക്കിനെയും (2- 0) തോല്‍പിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്. ബ്രസീല്‍ ക്ലബ്ബായ ഫ്‌ലൂമിനെന്‍സെയെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ് ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍ കടന്നത്.

PSG vs Real Madrid Highlights, PSG Thrash Real Madrid 4-0