ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി മാറാനൊരുങ്ങി ‘രാമായണം’. (Ramayana; the most expensive film in the history of Indian cinema) രണ്‍ബീര്‍ കപൂര്‍, യാഷ്, സായ് പല്ലവി, സണ്ണി ഡിയോള്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ബ്രാഹ്‌മാണ്ഡ ചിത്രം 4000 കോടി രൂപയുടെ (ഏകദേശം 500 മില്യണ്‍ ഡോളര്‍) ബജറ്റിലാണ് നിര്‍മ്മിക്കുന്നത് എന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര വെളിപ്പെടുത്തിയിരിക്കുന്നത്.
|
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ വാല്‍മീകിയുടെ ഇതിഹാസത്തെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മിക്കപ്പെടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും, യാഷ് രാവണനായും, സായ് പല്ലവി സീതയായും, സണ്ണി ഡിയോള്‍ ഹനുമാനായും, ടെലിവിഷന്‍ താരം രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു.
ഈ ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളില്‍ എത്തും. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മിക്കുന്നത്.
”ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രവും ഇത്രയും വലിയ ബജറ്റില്‍ നിര്‍മിച്ചിട്ടില്ല” നിര്‍മ്മാതാവായ നമിത് ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി. 4000 കോടി രൂപയുടെ ബജറ്റ് എന്നത് ഹോളിവുഡ് ബ്ലോക്ബസ്റ്ററുകളായ ‘അവതാര്‍’, ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’, ‘സൂപ്പര്‍മാന്‍’ എന്നിവയുടെ ബജറ്റിന് സമാനമാണ്.
ALSO READ: കേരളത്തിലെ 11 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് സുപ്രിം കോടതി ജാമ്യം
ഉയര്‍ന്ന നിലവാരമുള്ള വിഷ്വല്‍ എഫക്ട്, എഐ ഡബ്ബിംഗ്, ഐമാക്‌സ് ഫോര്‍മാറ്റില്‍ റിലീസ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ ബജറ്റ് എന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘ഇന്ത്യന്‍ സിനിമയുടെ ആഗോള തലത്തിലേക്കുള്ള ചുവടുവയ്പാണ്’ എന്നാണ് നമിത് മല്‍ഹോത്ര പറയുന്നത്.
ഓസ്‌കര്‍ ജേതാവ് ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, ഇത് ബോളിവുഡില്‍ ഹാന്‍സ് സിമ്മറുടെ അരങ്ങേറ്റം കൂടിയാണ്.
ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളായ ‘ഇന്‍സെപ്ഷന്‍’, ‘ഇന്റര്‍സ്റ്റെല്ലര്‍’, ‘ഡ്യൂണ്‍’ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നമിതിന്റെ പ്രൈം ഫോക്കസ്, ഈ ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ചിത്രത്തിന്റെ താരനിരയുടെ പ്രതിഫലവും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
രണ്‍ബീര്‍ കപൂര്‍ ഒരു ഭാഗത്തിന് 75 കോടി രൂപയാണ് വാങ്ങുന്നത്. രണ്ട് ഭാഗങ്ങള്‍ക്കായി 150 കോടി. യാഷ് രാവണന്റെ വേഷത്തിന് ഓരോ ഭാഗത്തിനും 50 കോടി രൂപ വാങ്ങുന്നു,
സായ് പല്ലവി, സീതയുടെ വേഷത്തിന് ഓരോ ഭാഗത്തിനും 6 കോടി രൂപ വീതവും പ്രതിഫലം വാങ്ങുന്നു. ആഗോള പ്രേക്ഷകര്‍ക്കായി 20-ലധികം ഭാഷകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നു എന്നാണ് വിവരം.
ജൂലൈ 3-ന് പുറത്തിറങ്ങിയ ‘രാമായണ: ദി ഇന്റ്രൊഡക്ഷന്‍’ എന്ന ടീസര്‍, സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരുന്നു. ടീസര്‍ റിലീസിന് ശേഷം, പ്രൈം ഫോക്കസിന്റെ മാര്‍ക്കറ്റ് മൂല്യം 1000 കോടി രൂപ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


