പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 11 പേര്‍ക്ക് കൂടി സുപ്രിം കോടതി ജാമ്യം അനുവദിച്ചു. (Palakkad Sreenivasan murder case; 11 more Popular Front leaders granted bail) മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ മുഹമ്മദ് അലി എന്ന കഞ്ഞാപ്പു, അന്‍സാരി ഈരാറ്റുപേട്ട, ഖാജാ ഹുസൈന്‍, അബ്ദുല്‍ ജലീല്‍, ഹനീഫ, ഹക്കീം, അബ്ബാസ്, എസ്പി അമീറലി, ബഷീര്‍ പാലക്കാട്, നൗഷാദ് പാലക്കാട്, ഖാജാ ഹുസൈന്‍ എന്നിവര്‍ക്കാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം, പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
|
പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രില്‍ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില്‍ ശ്രീനിവാസന്‍ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
നേരത്തേ കേസില്‍പ്പെട്ട 18 പേര്‍ക്ക് ഹൈക്കോടതിയും ആറു പേര്‍ക്ക് സുപ്രിം കോടതിയലും ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.


