ജിദ്ദ: സൗദിയില്‍ പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ വാഹനത്തിനുള്ളില്‍ ഒറ്റക്ക് ഇരുത്തുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കും. ന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്ന് സൗദി ട്രാഫിക് ഡയറക്ടേറ്റ് മുന്നറിയിപ്പ് നല്കി.
|
കുട്ടികളുടെ സുരക്ഷ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് സൗദി ട്രാഫിക് ഡയറക്ടേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വിശദീകരിച്ചു. താപനില ഉയരുന്നതും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഒറ്റക്ക് ഉപേക്ഷിക്കുന്നത് അവരുടെ ജീവന് അപകടത്തിലാക്കും. യാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണം.
ഗതാഗത സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം നിര്‍ദേശങ്ങളുടെ ലക്ഷ്യം. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ഗതാഗത നിയമവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ആരംഭിക്കുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നതോട് കൂടി മാത്രമേ അത് അവസാനിക്കുകയുള്ളുവെന്നും ഡ്രൈവര്‍മാരെ ഓര്‍മിപ്പിക്കുന്നതായും സൗദി ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു.


