കൊലപാതകക്കേസില്‍ രണ്ട് പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകരടക്കം നാലുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. 2019ല്‍ തഞ്ചാവൂരില്‍ പട്ടാളി മക്കള്‍ കക്ഷി(പിഎംകെ)നേതാവ് രാമലിംഗം കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ബംഗളുരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന നാല്‍വര്‍ സംഘത്തെ പള്ളിക്കോണ്ടയ്ക്കു സമീപത്തുവച്ചാണ് എന്‍ഐഎയും ഐബിയും സംയുക്തമായി പിടികൂടിയത്.
|
അബ്ബാസ്(30), മുഹമ്മദ് ഇമ്രാന്‍(33), ബര്‍ഹാനുദ്ദീന്‍(34), നാഫില്‍ ഹസ്സന്‍(34)എന്നിവരാണ് പിടിയിലായത്. തഞ്ചാവൂര്‍ സ്വദേശികളായ ബര്‍ഹാനുദ്ദീനും ഹസ്സനുമാണ് കേസിലെ മുഖ്യ പ്രതികളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാണിപ്പട്ടിലെ നെമിലി സ്വദേശികളായ അബ്ബാസും ഇമ്രാനുമാണ് കൊലപാതകത്തില്‍ സഹായികളായി പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
2019 ഫെബ്രുവരി അഞ്ചിന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 18 പേര്‍ക്കെതിരേയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ആറു പേരെ പിടികൂടാനായിരുന്നില്ല. ഇവരെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ മൂന്നുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
ALSO READ: തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 75.38 ശതമാനം പോളിങ്





