Kalamkaval OTT Release Date : മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍ ചിത്രം ‘കളങ്കാവല്‍’ ഇപ്പോഴും നിരവധി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 5 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു കളങ്കാവല്‍. ഇപ്പോഴിതാ ചിത്രം ഒടിടിയിലും എത്തുകയാണ്.
|
മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിതിന്‍ കെ. ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.
വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറില്‍ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.
Kalamkaval OTT Release Date: കളങ്കാവല്‍ ഒടിടി

തിയറ്ററുകളിലെത്തി 25-ാം ദിനത്തിലാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ഒടിടി പ്രഖ്യാപനം വരുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജനുവരി മാസത്തില്‍ എത്തും എന്നതല്ലാതെ തീയതി അറിയിച്ചിട്ടില്ല. അത് വൈകാതെ പ്രഖ്യാപിക്കും.
മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ വലിയ ഹിറ്റ്
2025 ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ കളങ്കാവല്‍ റിലീസ് ചെയ്ത് 24 ദിനം പിന്നിടുമ്പോള്‍ ആഗോള കളക്ഷന്‍ 83 കോടിയാണ് പിന്നിട്ടത്. ഇതോടെ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സര്‍ ആയി മാറി. 82 കോടിയോളം ആഗോള ഗ്രോസ് നേടിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ റെക്കോര്‍ഡ് ആണ് ചിത്രം മറികടന്നത്.
85 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയ ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ്. കളങ്കാവല്‍ ഈ നമ്പറും മറികടന്ന് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ചിത്രം ഇപ്പോഴും കേരളത്തിലെ പ്രധാന സ്‌ക്രീനുകളില്‍ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 36 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷനാണ്.
Kalamkaval: ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവല്‍ സ്വന്തമാക്കിയിരുന്നു. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നിവക്ക് ശേഷം 50 കോടി ക്ലബില്‍ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തില്‍, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവല്‍ മാറി. മമ്മൂട്ടിയെ കൂടാതെ, ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സാങ്കേതികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ ചിത്രത്തിന് വേണ്ടി, മുജീബ് മജീദ് ഒരുക്കിയ റെട്രോ സ്‌റ്റൈല്‍ തമിഴ് ഗാനങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലായി നില്‍ക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ഗള്‍ഫില്‍ മമ്മൂട്ടയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്ന് തന്നെ സ്വന്തമാക്കിയ ചിത്രം, വിദേശത്ത് വിതരണം ചെയ്തത് ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍ – ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ് – വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
ഈ വര്‍ഷം ഇറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രമായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിന്റെ ഒടിടി റിലീസ് ഏറെ വൈകിയിരുന്നു. ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ഡിസംബറിലാണ് ഒടിടിയില്‍ എത്തിയത്.





