18
Jan 2026
Sat
18 Jan 2026 Sat
Court imposed rupees 10000 fine for reporter TV

വാര്‍ത്താ വിലക്ക് ഹരജിയില്‍ റിപോര്‍ട്ടര്‍ ടിവിക്ക് 10000 രൂപ പിഴയിട്ട് ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി. മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാര്‍ത്തകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. ഹരജിക്കാര്‍ക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങള്‍ നടത്തിയാണ് കോടതി പിഴയിട്ടത്. നേരത്തെ കോടതി നീക്കാന്‍ നിര്‍ദേശിച്ച അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായ 900ലേറെ വാര്‍ത്തകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ലിങ്കുകളും പുനസ്ഥാപിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിപോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായി മാധ്യമങ്ങളിലും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും വന്ന വാര്‍ത്തകള്‍ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിപോര്‍ട്ടര്‍ ടിവി ബംഗളൂരു കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹരജി നല്‍കിയത്.

ആദ്യഘട്ടത്തില്‍ എതിര്‍ കക്ഷികളായ മാധ്യമസ്ഥാപനങ്ങളെ കേള്‍ക്കാതെ മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ തട്ടിപ്പ് അടക്കമുള്ള കേസുകളുടെ ഉള്ളടക്കം നീക്കാന്‍ കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഹരജിയിലൂടെ റിപോര്‍ട്ടര്‍ ടിവി ചെയ്യുന്നതെന്ന് വസ്തുതകളും രേഖകളും ഹാജരാക്കി എതിര്‍കക്ഷികളിലൊരാളായ ഏഷ്യാനെറ്റ് ന്യൂസ് കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കി. മുട്ടില്‍ കേസില്‍ ചാനല്‍ ഉടമകളായ അഗസ്റ്റിന്‍ സഹോദരങ്ങളെ പ്രതിയാക്കിയ എഫ്‌ഐആര്‍, നിയമസഭയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് എടുത്തതില്‍ നല്‍കിയ മറുപടി, അടക്കം വിവിധ കേസുകളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ ബോധിപ്പിച്ചു.

പിന്നാലെ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി റിപോര്‍ട്ടര്‍ ടിവി കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ കോടതിയുടെ സമയം നഷ്ടമാക്കിയതിന് 10,000 രൂപ പിഴയടച്ച് ഹര്‍ജി പിന്‍വലിക്കാന്‍ ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലെതിരേ പരാതിയുമായി അതിജീവിതയുടെ ഭര്‍ത്താവ്