10 മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കണമെന്ന് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും 10 മിനിറ്റ് ഡെലവറി നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര നിര്‍ദേശത്തിനു പിന്നാലെ ബ്ലിങ്കിറ്റ് 10 മിനിറ്റിനുള്ളില്‍ പതിനായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുമെന്ന തങ്ങളുടെ ടാഗ് ലൈന്‍ മുപ്പതിനായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കുമെന്നാക്കി മാറ്റിയിട്ടുണ്ട്.
|
10 മിനിറ്റിനുള്ളില്‍ ഡെലിവറി യഥാസ്ഥലത്ത് എത്തിക്കുന്നതിനായി ഡെലിവറി ജീവനക്കാര്‍ നടത്തുന്ന മരണപ്പാച്ചില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടത്. മികച്ച വേതനവും സാമുഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡിസംബര്‍ 25ന് തൊഴിലാളി യൂനിയന്‍ പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഡിസംബര്‍ 31ന് രാജ്യവ്യാപക പണിമുടക്കും ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനു പിന്നാലെ സ്വിഗ്ഗിയും സൊമാറ്റോയും ഡെലവറികള്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു.





