കോഴിക്കോട്: എനിക്കൊരിക്കലും അവിടെ ഏകാന്തത അനുഭവിക്കേണ്ടി വന്നിട്ടില്ല, എപ്പോഴും ഭൂമിയിലുള്ളവരുമായി സംഭാഷണത്തിലായിരുന്നുവെന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകാന്തത അനുഭവപ്പെട്ടിരുന്നോ എന്ന റിമ കല്ലിങ്കലിന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അവര്‍. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ എഴുത്തോല വേദിയില്‍ കുട്ടികള്‍ക്കായുള്ള സാഹിത്യോത്സവ വേദിയില്‍ നാസയുടെ ഔദ്യോഗിക യൂനിഫോം ധരിച്ചായിരുന്നു സുനിതാ വില്യംസ് എത്തിയത്.
|
ഒരു ന്യൂറോ സയന്റിസ്റ്റിന്റെ മകള്‍ എന്ന പരിഗണന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന റിമ കല്ലിങ്കലിന്റെ ചോദ്യത്തിന്, ഏതൊരു സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും തങ്ങളുടെ പാഷന്‍ ഫോളോ ചെയ്തു ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് സുനിത വില്യംസ് പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ അനുഭവങ്ങളുടെ ദൃശ്യങ്ങള്‍ വീഡിയോ രൂപത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും അതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
വേദിയില്‍ പ്രദര്‍ശിപ്പിച്ച പിറന്നാളാഘോഷം, ബഹിരാകാശ നിലയത്തിലെ വ്യായാമം, തുടങ്ങിയവയുടെ രസകരമായ ദൃശ്യങ്ങള്‍ കാണികള്‍ക്ക് ആവേശമായി. ലോകമെമ്പാടുമുള്ള വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ പ്രചോദനമായ താങ്കളുടെ പ്രചോദനം ആരാണ് എന്ന കാണിയുടെ ചോദ്യത്തിന്, തന്റെ മാതാപിതാക്കളാണ് ഏറ്റവും വലിയ പ്രചോദനം എന്നാണ് സുനിതാ വില്യംസ് മറുപടി നല്‍കിയത്. ജീവിത വിജയത്തിന് ജിജ്ഞാസയാണോ ബുദ്ധിശക്തിയാണോ പ്രധാനം എന്ന് ചോദിച്ചപ്പോള്‍, ജിജ്ഞാസയാണ് ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ ഘടകം, അത് നിങ്ങളെ പഠിക്കാനും വളരാനും മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും എന്നും സുനിത വില്യംസ് മറുപടി നല്‍കി.





