Kerala monsoon തിരുവനന്തപുരം: ഒന്നു പതുങ്ങിയ ശേഷം കാലവര്‍ഷം വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ കേരളത്തില്‍ തിരിച്ചെത്തുന്നു. ഇന്നുമുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
|
23, 24 തീയതികളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ ഇടിയോടു കൂടിയ മഴ തുടരും. പിന്നീടുള്ള രണ്ടു ദിവസം മഴ കുറഞ്ഞ് വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ജൂണ്‍ ഒന്ന് മുതല്‍ 20 വരെയുള്ള സമയത്ത് 25% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ പൂര്‍ണമായും മാറിനില്‍ക്കുന്ന അവസ്ഥയിലൂടെ ആണ് കേരളം കടന്നുപോയത്. എന്നാല്‍ അതു മാറുകയാണ്. നിലവില്‍ വടക്കന്‍ കേരളത്തിന് മുകളിലായി സമുദ്രോപരിതലത്തില്‍ നിന്ന് 5.8 കി മീ ഉയരത്തില്‍ ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതിനാല്‍ തന്നെ മഴയുടെ ശക്തി കൂടാനാണ് സാധ്യത.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. കേരള – ലക്ഷദീപ് തീരങ്ങളിലായി ജൂണ്‍ 21, 22 തിയ്യതികളിലായി മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ തിയ്യതികളിലെ മഴ മുന്നറിയിപ്പ്
21/6/2026 കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുണ്ട്
22/6/2026 കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുണ്ട്
23/6/2026 കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്
24/6/2026 മഴ മുന്നറിയിപ്പില്ല
25/6/2026 മഴ മുന്നറിയിപ്പില്ല
26/6/2026 കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്
ജാഗ്രത മുന്നറിയിപ്പുകള്‍
മഴയുടെ പശ്ചാഹത്തലത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജൂണ്‍ 21 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 22 ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമായാണ് ജാഗ്രത നിര്‍ദ്ധേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു
താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറുക: വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാത്രകള്‍ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രിയാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കുക.
പുഴകളില്‍ ഇറങ്ങരുത്: ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലോ തോടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവയുടെ സമീപം നില്‍ക്കരുത്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
Kerala monsoon latest weather report alert


