Anganavadi cook saves children from bee attack dies ഭോപ്പാല്‍: കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കി അങ്കണവാടി ആയ. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. കാഞ്ചന്‍ ഭായ് എന്ന 40കാരിയാണ് 20 കുഞ്ഞുങ്ങളെ തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ചത്.
|
മദവാഡയിലെ അങ്കണവാടിയിലെ ആയയാണ് കാഞ്ചന്‍ ഭായ്. കഴിഞ്ഞ ദിവസം അങ്കണവാടിക്ക് പുറത്ത് കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കാനെത്തുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു കാഞ്ചന്‍ ഭായ്.
കുഞ്ഞുങ്ങള്‍ അപകടത്തില്‍പെടുമെന്ന് കണ്ടതും ഇവര്‍ ഒരുനിമിഷം പോലും ആലോചിക്കാതെ ഓടിച്ചെന്നു. അടുത്തുണ്ടായിരുന്ന ടാര്‍പോളിന്‍ ഷീറ്റും തുണികളും എടുത്ത് കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചു. ഇതോടെ തേനീച്ചകള്‍ കാഞ്ചന്‍ ഭായ്ക്ക് നേരെ തിരിഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക് കുത്തേല്‍ക്കാതെ ഇവര്‍ ഓരോരുത്തരെയായി പൊതിഞ്ഞുപിടിച്ച് അങ്കണവാടിക്കുള്ളിലെത്തിച്ച് സുരക്ഷിതരാക്കി. അപ്പോഴേക്കും കാഞ്ചന്‍ ഭായിയുടെ ദേഹം നിറയെ തേനീച്ചകള്‍ കുത്തിയിരുന്നു. നൂറിലേറെ തേനീച്ചകളാണ് ഇവരുടെ ദേഹത്ത് കുത്തിയത്. അവസാന കുഞ്ഞിനെയും സുരക്ഷിതയാക്കുന്നത് വരെയും ഇവര്‍ പിന്തിരിഞ്ഞില്ല. എല്ലാവരെയും അങ്കണവാടിക്ക് ഉള്ളിലാക്കിയതിന് പിന്നാലെ കാഞ്ചന്‍ കുഴഞ്ഞുവീണു. നാട്ടുകാരും പൊലീസും ചേര്‍ന്ന് കാഞ്ചനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവരുടെ ദേഹം നിറയെ തേനീച്ചക്കുത്തേറ്റ പാടുകളായിരുന്നു.
തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവും ഒരു മകനും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാഞ്ചന്‍. അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് പുറമേ ജയ് മാതാ ദി സ്വയംസഹായ സംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കും കാഞ്ചന്‍ ഭായ് ഭക്ഷണം തയാറാക്കി നല്‍കാറുണ്ടായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാഞ്ചന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.





