ന്യൂഡല്‍ഹി: ഉപഭോക്താവ് വാങ്ങിയ ഷൂ ഇട്ടു കൊണ്ടു പോകുന്നതിനുള്ള ഷോപ്പിങ് കവറിന് 10 രൂപ ഈടാക്കിയ സംഭവത്തില്‍ ഫൂട്ട്വെയര്‍ ബ്രാന്‍ഡായ ടെഡ് ടേപ്പിന് 8000 രൂപ പിഴ. ഹരിയാന റോത്തക്കിലെ ഉപഭോക്തൃ കോടതിയുടേതാണ് നിര്‍ണായകമായ വിധി. ഷോപ്പിങ് കവറിന് പണമീടാക്കിയത് സേവനത്തിലെ വീഴ്ചയാണെന്നും അന്യായമായ വ്യാപാരരീതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
|
പരാതിക്കാരന്‍ 2023 ഏപ്രിലില്‍ റോത്തക്കിലെ റെഡ് ടേപ്പിന്റെ ഔട്ട്ലെറ്റില്‍ നിന്ന് 2069 രൂപ വിലയുള്ള ഷൂ വാങ്ങിയിരുന്നു. ഷൂ ഇടാനായി കൊടുത്ത പേപ്പര്‍ ബാഗിന് 10 രൂപയും ഈടാക്കി. ഇതിനെ പരാതിക്കാരന്‍ ചോദ്യം ചെയ്തു. എന്നാല്‍, പേപ്പര്‍ ബാഗിന് പണം ഈടാക്കുന്നത് കമ്പനിയുടെ പോളിസിയാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ALSO READ: ജോലി പുല്ല് വെട്ട്; മാസം സമ്പാദിക്കുന്നത് 15 ലക്ഷം രൂപ വരെ
പേപ്പര്‍ ബാഗിന് ഈടാക്കിയ 10 രൂപ തിരികെ വേണമെന്നും 50,000 രൂപ നഷ്ടപരിഹാരമായും 22,000 രൂപ കോടതിച്ചെലവായും വേണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. കോടതിയില്‍ റെഡ് ടേപ്പ് പരാതിക്കാരന്റെ വാദങ്ങളെ എതിര്‍ത്തു. പേപ്പര്‍ ബാഗ് ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദ സമീപനത്തിന്റെ ഭാഗമായാണെന്നും അതിന്റെ ദുരുപയോഗം കുറക്കാന്‍ വേണ്ടിയാണ് പണം ഈടാക്കുന്നത് എന്നുമായിരുന്നു കമ്പനിയുടെ വാദം. പേപ്പര്‍ ബാഗ് വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നില്ലെന്നും ബാഗില്‍ ബ്രാന്‍ഡ് നെയിമോ ലോഗോയോ പതിച്ചിട്ടില്ലെന്നും റെഡ് ടേപ്പ് വാദിച്ചു.
കടയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നമായ ഷൂ കൊണ്ടുപോകാന്‍ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കുന്നത് സ്ഥാപനത്തിന്റെ സേവനത്തിലെ വീഴ്ചയാണെന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി. ഇത് മോശം വ്യാപാര സമീപനമാണ്. തുടര്‍ന്ന്, റെഡ് ടേപ്പ് അന്യായമായി വാങ്ങിയ 10 രൂപ റീഫണ്ട് ചെയ്യാനും സേവനത്തിലെ വീഴ്ചക്ക് 4000 രൂപയും കോടതിച്ചെലവായി 4000 രൂപയും ഉള്‍പ്പെടെ ആകെ 8010 രൂപ ഉപഭോക്താവിന് നല്‍കണമെന്നും ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാരം കൈമാറണമെന്നും അല്ലെങ്കില്‍ ഓരോ ആഴ്ചയും 50 രൂപ വീതം പിഴയായി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Red Tape charged for carry bag; consumer court orders compensation


