90കളില്‍ അഡള്‍ട്‌സ് ഓണ്‍ലി ചിത്രങ്ങളിലൂടെ ബോക്‌സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. പിന്നീട് മലയാളം അടക്കമുള്ള സിനിമകളില്‍ മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. നിലവില്‍ യുട്യൂബ് ചാനലുകളില്‍ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. ജീവിത വഴിയില്‍ പുതിയ പാത തേടുന്ന ഷക്കീലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
|
ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ് വൈറലാവുന്നത്. പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയില്‍ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് ഇയാള്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താന്‍ വലിയ തെറ്റ് ചെയ്തുവെന്നും അതില്‍ നിന്നും തനിക്ക് പുറത്ത് വരാന്‍ ആഗ്രമുണ്ടെന്നും ഷക്കീല പറഞ്ഞു. ഇതിന്, ‘അള്ളാഹു നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ആളുകള്‍ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമൊന്നും ഇല്ല. അള്ളാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും’, എന്നാണ് അന്ന് മുംതാസ് മറുപടി നല്‍കിയത്.
ഗ്ലാമറസ് വേഷങ്ങളിലും നായികയായും സിനിമകളില്‍ തിളങ്ങി നിന്ന ആളായിരുന്നു മുംതാസ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. അവിവാഹിതയാണ് ഷക്കീല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്രാന്‍സ്‌ജെന്ററായ ഒരു യുവതിയെ ദത്തെടുത്തിരുന്നു.



