വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അഭിഭാഷകനെതിരേ കൊച്ചി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ വൈ റാഹിബിനെതിരേയാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഭവന ഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.
|
അതേസമയം യുവതിയും മറ്റു രണ്ടുപേരും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നല്‍കിയ പരാതി വ്യാജമാണെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പരാതിക്കാരിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും പോലീസ് റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ഏപ്രില്‍ 9ന് പരാതിക്കാരിയും തൊടുപുഴ സ്വദേശി മുഹമ്മദ് യാസീനും ആലപ്പുഴ സ്വദേശി ഫാസില്‍ ഹാഷിംയും ചേര്‍ന്ന ജില്ലാ കോടതി പരിസരത്തെ ബാര്‍ അസോസിയേഷനില്‍ വച്ച് തന്നെ ആക്രമിച്ചുവെന്നായിരുന്നു റാഹിബിന്റെ പരാതി. ഫോണും ഫയലുകളും പണമടങ്ങിയ പഴ്‌സും തട്ടിപ്പറിച്ചെന്നും മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചെന്നും ഇയാള്‍ ആരോപിച്ചു.
യാട്ട് ലീസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുമായി ബന്ധപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് തന്നെ ആക്രമിച്ചതിനു പിന്നിലെന്നും റാഹിബ് ആരോപിച്ചിരുന്നു. പിന്നാലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് പ്രതി ഹൈക്കോടതിയെ സമീപിക്കുകയും കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ് നേടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസ് വ്യാജമാണെന്ന് വ്യക്തമായത്.
പ്രതിയും പരാതിക്കാരിയും ബിസിനസുകളില്‍ പങ്കാളികളായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ പരാതിക്കാരി പ്രതിയുടെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങുന്നതായി കണ്ടെങ്കിലും, മുന്‍പ് ഉപയോഗിക്കാന്‍ നല്‍കിയ ഫോണ്‍ തിരികെ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട ബില്ലും രേഖകളും യുവതി പോലീസിന് കൈമാറി. ബൈക്കിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചെന്ന പരാതിയും വ്യാജമാണെന്ന് കണ്ടെത്തി. പരാതിക്കാരിയോടൊപ്പം പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് യാസീന്‍ സംഭവം നടന്ന ദിവസം രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
ALSO READ: എഐ ഭാര്യക്കൊപ്പം ഡിജിറ്റല്‍ ലോകത്ത് ഒത്തുചേരാന്‍ ജീവനൊടുക്കി 36കാരന്‍





