Deepika Padukone and Ranveer Singh ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും തങ്ങളുടെ രണ്ടാമത്തെ കഞ്ഞിനായി കാത്തിരിക്കുന്നു. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരങ്ങള്‍ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
|
തങ്ങളുടെ മകള്‍ ദുവാ പദുകോണ്‍ സിംഗ് പോസിറ്റീവ് പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് കൈയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദമ്പതികള്‍ വിവരം പുറത്തുവിട്ടത്. പോസ്റ്റിന് താഴെ കിയാര അദ്വാനി, പരിനീതി ചോപ്ര, സാമന്ത റൂത്ത് പ്രഭു, സുനില്‍ ഗ്രോവര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകളുമായി എത്തി.
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018-ല്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. 2024 സെപ്റ്റംബര്‍ 8-നാണ് ഇവര്‍ക്ക് ആദ്യത്തെ കണ്മണിയായ ദുവാ ജനിച്ചത്.
സിനിമയിലെ വിശേഷങ്ങള്‍
ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘കിംഗ്’, അല്ലു അര്‍ജുന്‍ ചിത്രം ‘രാക’ എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകള്‍. അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കണക്കിലെടുത്ത് ഷൂട്ടിംഗ് സമയത്തില്‍ ദീപിക കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന നിബന്ധന അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2898 എഡി പാര്‍ട്ട് 2’ എന്നീ വമ്പന്‍ ചിത്രങ്ങളില്‍ നിന്ന് ദീപിക പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കരിയറിലെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് രണ്‍വീര്‍ സിംഗ് കടന്നുപോകുന്നത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ‘ധുരന്ധര്‍’ പരമ്പരയിലൂടെ താരം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു.
ധുരന്ധര്‍ പാര്‍ട്ട് 1 ലോകമെമ്പാടുമായി 1300 കോടി രൂപയാണ് നേടിയത്. രണ്ടാം ഭാഗമായ ധുരന്ധര്‍: ദ റിവഞ്ച്: ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി മാറി (1300 കോടി). ആഗോളതലത്തില്‍ 1748 കോടി രൂപ നേടിയ ഈ ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഹിറ്റായി റെക്കോര്‍ഡ് സൃഷ്ടിച്ചു.



