തേനെടുക്കാനുള്ള ശ്രമത്തിനിടെ കൗമാരക്കാരന്റെ തല പൊത്തിനുള്ളില്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍ നേരം. പൊത്തിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പിനെ കണ്ട് കൗമാരക്കാരന് ഭയചകിതനായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ കൗമാരക്കാരനെ രക്ഷിച്ചത്. ഒഡീഷയിലാണ് സംഭവം.
|
നയഗഡ് ജില്ലയിലെ കാനിപദ വനത്തില്‍ അമ്മാവനൊപ്പമാണ് ശിബ പ്രധാന്‍ എന്ന കൗമാരക്കാരന്‍ തേന്‍ ശേഖരിക്കാന്‍ പോയത്. ഇതിനിടെയാണ് പാറപ്പൊത്തിനുള്ളില്‍ തേനീച്ചക്കൂട് ശിബ പ്രധാന്‍ കാണുന്നത്. പാറയുടെ വിള്ളലിന്റെ ഉള്ളിലായിട്ടുള്ള തേനീച്ചക്കൂട്ടില്‍ നിന്ന് തേനെടുക്കാനായി ശിബ ഇവിടേക്ക് തലകടത്തിയതോടെ കുടുങ്ങിപ്പോവുകയായിരുന്നു.
അമ്മാവന്‍ ശിബയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഗ്രാമീണരെയും വീട്ടുകാരെയും സഹായത്തിനു വിളിച്ചു. ഇവരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോലീസിനെ വിളിക്കുകയായിരുന്നു. ശിബയുടെ തല കുടുങ്ങിയ പൊത്തിനുള്ളില്‍ ഒരു പാമ്പും ഉണ്ടായിരുന്നു. ഇതോടെ ശിബയുടെ അവസ്ഥ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായി. എന്നാല്‍ കുട്ടി കുടുങ്ങിയ എട്ടുമണിക്കൂര്‍ നേരവും പാമ്പ് പൊത്തിനുള്ളില്‍ അനങ്ങാതെ ഇരുന്നത് രക്ഷയായി.
ഇതിനിടെ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും വനത്തിലെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ശിബയുടെ തല പാറപ്പൊത്തില്‍ നിന്ന് സുരക്ഷിതമായി സ്വതന്ത്രമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി. ചെറിയ പരിക്കുകള്‍ ശിബയുടെ തലയിലും മുഖത്തും പറ്റിയതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ALSO READ: സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റു മരിച്ചു


