13
May 2026
Fri
13 May 2026 Fri
vijay tvk

അധികാരം പോയാലും ഇല്ലെങ്കിലും സ്റ്റാലിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് ഒറ്റ ദിവസം കൊണ്ട് യുടേണ്‍ അടിച്ചു. കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും പിന്നാലെ, ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിംലീഗും മുന്നണി വിടുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിവികെ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് നിലവില്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ ഭാഗമാകണോ അതോ സ്പീക്കര്‍ പദവി പോലുള്ള മറ്റ് സ്ഥാനങ്ങള്‍ ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. 234 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയ്ക്ക് നിലവില്‍ 108 സീറ്റുകളാണുള്ളത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ഡിഎംകെ വിട്ട് വിജയിയുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. ‘ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും’ എന്നാണ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞത്. എന്നാല്‍, ടിവികെ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ലീഗും കാലു മാറുകയായിരുന്നു.

ALSO READ: സുവേന്ദു അധികാരി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാകും

ബിജെപിയുമായുള്ള സഹകരണം ഒഴിവാക്കാനാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് ലീഗിന്റെ ന്യായീകരണം. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ വിജയ് ഫോണില്‍ വിളിച്ച് പിന്തുണ തേടിയിരുന്നതായും എംഎല്‍എമാരുടെ പിന്തുണക്കത്ത് ഉടന്‍ കൈമാറുമെന്നും ലീഗ് അറിയിച്ചു.

118 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെ ടിവികെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. അവകാശവാദമുന്നയിച്ച് വിജയ് അല്‍പസമയത്തിനകം ഗവര്‍ണറെ കാണും. കോണ്‍ഗ്രസിനൊപ്പം ഇടത് പാര്‍ട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നല്‍കി.

തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ 4 നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്‌നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിന്റെ 5, ഇടതുപാര്‍ട്ടികളുടെ 4, വി സി കെയുടെ 1, എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ബി ജെ പി, ഗവര്‍ണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാര്‍ട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും.