എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിച്ച് ബംഗാള്‍, ബീഹാര്‍ സര്‍ക്കാര്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കും. റേഷന്‍, സാമൂഹിക സൂരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ് നിഷേധിക്കുക.
|
കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എസ്‌ഐആറില്‍ പേരില്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചത്. ബീഹാറില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് പുറമെ, പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം
രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ തീരുമാനം വലിയ പ്രതിഷേധത്തിന് വഴിതുറന്നിരിക്കുകയാണ്. എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന് വേണ്ടി മാത്രമാണ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പൊതുജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കുന്ന തലത്തില്‍ ബിജെപി സര്‍ക്കാര്‍ കടന്നിരിക്കുകയാണ്.
അതേസമയം, എസ്‌ഐആറില്‍ നിന്ന് പേര് നീക്കം ചെയ്‌തെങ്കിലും അതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍ പോയവര്‍ക്ക് താല്‍കാലിക ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീല്‍ തള്ളപ്പെട്ടാല്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. ഒരു ഇലക്ടറല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വലിയ നിയമപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്താണ് എസ്‌ഐആര്‍?
വോട്ടര്‍ പട്ടിക പുതുക്കാനും ശുദ്ധീകരിക്കാനും എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐആര്‍ അവതരിപ്പിച്ചത്.
മരിച്ചവരുടെയോ മണ്ഡലത്തില്‍ നിന്ന് മാറിയവരുടെയോ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുക, 18 വയസ്സ് തികഞ്ഞ പുതിയ വോട്ടര്‍മാരെയും മുമ്പ് വിട്ടു പോയവരെയും പട്ടികയില്‍ ചേര്‍ക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള ഒരു സാധാരണ നടപടി മാത്രമാണിത് എന്നുമാണ് നേരെത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിരുന്നത്.
എന്നാല്‍ വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നതിനും പുതുക്കുന്നതിനും 11 തരം രേഖകളാണ് ആവശ്യപ്പെടുന്നതെന്നും പാവപ്പെട്ടവരും നിരക്ഷരരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇത്രയും രേഖകള്‍ ഹാജരാകാന്‍ കഴിയില്ല എന്നും പ്രതിപക്ഷം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയൊരു വിഭാഗം ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെയും നിരക്ഷരരെയും വോട്ടവകാശം ഇല്ലാത്തവരാക്കുമെന്നും വിമര്‍ശിച്ചു.
ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടരില്‍ ഭൂരിഭാഗവും മുസ്ലിംകളും പിന്നാക്ക വിഭാഗക്കാരുമാണ്. നിസാര കാരണങ്ങളുടെ പേരിലാണ് പലരുടെയും പേര് വെട്ടിയത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധനങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കി. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇത് എന്ന് പറഞ്ഞാണ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കിയത്. എന്നാല്‍ ഇന്ന് അതേ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പോലെയുള്ള സുപ്രധാനമായ നടപടികളിലേക്ക് രണ്ട് ബിജെപി സര്‍ക്കാരുകള്‍ കടന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.



