13
May 2026
Mon
13 May 2026 Mon
kerala chief minister tug of war

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പദവിക്കായി രംഗത്തുവന്നതോടെ വലിയ രീതിയിലുള്ള വടംവലിയാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറല്ലിട്ടില്ലെന്നാണ് വിവരം.

കേരളവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ഹൈക്കമാന്‍ഡ് ഇന്നലെ പൂര്‍ണ അവധി നല്‍കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയ്ക്കു പോയപ്പോള്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബെംഗളൂരുവിലേക്കു പോയി. ഖര്‍ഗെ ഇന്നു വൈകിട്ടോ നാളെ രാവിലെയോ മടങ്ങിയെത്തിയ ശേഷമേ ചര്‍ച്ച പുനരാരംഭിക്കു.

ALSO READ: ‘മുഖ്യമന്ത്രിയായി കെസി വരട്ടെ’; ബോര്‍ഡ് വച്ചത് സിപിഎംകാരന്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുഖ്യമന്ത്രി മോഹം സൂക്ഷിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഒരുപോലെ തൃപ്തികരമാകുന്ന ഫോര്‍മുല കണ്ടെത്താന്‍ കഴിയാത്തതാണു പ്രശ്‌നം. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണു സൂചന. പ്രതീക്ഷ നിലനിര്‍ത്തുന്നുവെന്നു മൂന്നു പേരുടെയും ക്യാംപുകള്‍ ഇന്നലെയും ആവര്‍ത്തിച്ചു.

സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യം

യുഡിഎഫിന് ആകെ 102 സീറ്റുകള്‍ ലഭിച്ചെങ്കിലും കോണ്‍ഗ്രസിന് മാത്രമായി 63 എംഎല്‍എമാരാണുള്ളത്. 22 സീറ്റുകളുള്ള മുസ്ലീം ലീഗിന്റെ (IUML) നിലപാട് ഇവിടെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന പക്ഷത്താണ് ഘടകകക്ഷികള്‍. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കമാന്‍ഡിനെ കുഴക്കുന്ന ഘടകങ്ങള്‍

ബൈ-ഇലക്ഷന്‍ ഭീതി: കെ.സി. വേണുഗോപാല്‍ നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ഒരു ലോക്‌സഭാ സീറ്റിലും ഒരു നിയമസഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

വയനാട് ഘടകം: പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തില്‍ മുസ്ലീം വോട്ടര്‍മാര്‍ 45 ശതമാനത്തിലധികമാണ്. അതിനാല്‍ മുസ്ലീം ലീഗിന്റെ താല്പര്യം അവഗണിക്കുന്നത് കോണ്‍ഗ്രസിന് വലിയ റിസ്‌കായിരിക്കും. പ്രിയങ്ക ഗാന്ധിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.

ദേശീയ രാഷ്ട്രീയം: മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ, വേണുഗോപാലിനെ ദേശീയ തലത്തില്‍ തന്നെ നിലനിര്‍ത്തണമെന്നും ഒരു വിഭാഗത്തിന് താല്‍പ്പര്യമുണ്ട്.

നിലവില്‍ സതീശനായി അണികള്‍ തെരുവില്‍ റാലി നടത്തുന്നത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ പാടില്ലെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോണിയ ഗാന്ധി, എ.കെ. ആന്റണി എന്നിവരുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മാത്രമേ ഇനി അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. മെയ് 23 വരെ നിയമസഭയുടെ കാലാവധി ഉള്ളതിനാല്‍ ധൃതിപിടിച്ച് തീരുമാനമെടുക്കാതെ സമവായമുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

Kerala Standoff: Rahul Gandhi Caught Between KC Venugopal And VD Satheesan