നാല് ജില്ലകളില്‍ കടുത്ത വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. മെയ് 12 മുതല്‍ ഏഴ് ദിവസത്തേക്ക് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
|
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന്റെ 220 കെവി ബുഷിങ്ങില്‍ തകരാര്‍ സംഭവിച്ചതിനാല്‍ അടിയന്തര അറ്റകുറ്റപണികള്‍ക്കായി ട്രാന്‍സ്‌ഫോമര്‍ ഷട്ട്ഡൗണ്‍ ചെയ്യുന്നതാണ്. തകരാര്‍ പരിഹരിക്കാന്‍ ഏഴ് ദിവസത്തോളം വേണ്ടി വരുമെന്നാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.
വടക്കന്‍ കേരളത്തില്‍ വിതരണ തടസ്സം
വടക്കന്‍ ജില്ലകളിലെ വൈദ്യുതി വിതരണത്തിലെ സുപ്രധാന കണ്ണിയാണ് ഈ സബ്‌സ്റ്റേഷന്‍. വൈദ്യുതി ഭാഗികമായി നിയന്ത്രിച്ച പശ്ചാത്തലത്തില്‍ താല്‍കാലിക ലോഡ് നിയന്ത്രണങ്ങള്‍ അനിവാര്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ലഭ്യമായ ലൈനുകളും വൈദ്യുതി ഉല്‍പാദനവും ഉപയോഗിച്ച് ആവശ്യകത നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും ചില സമയങ്ങളില്‍ വൈദ്യുതി മുടക്കങ്ങളും കുറഞ്ഞ വോള്‍ട്ടേജ് പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വലിയ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഹൈ- വോള്‍ട്ടേജ് ലൈനുകളിലൂടെ സംസ്ഥാന ശൃംഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍. ഈ വൈദ്യുതി കെഎസ്ഇബി വഴി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യും. അതുകൊണ്ടാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ വടക്കന്‍ ജില്ലകളെ ബാധിക്കുന്നത്.
ഏഴ് ദിവസം കഴിഞ്ഞും നിയന്ത്രണം നീളുമോ?
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏഴ് ദിവസം (മെയ് 18 വരെ) ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ അതുകഴിഞ്ഞും നിയന്ത്രണം നീളുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ട്.
നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ലെന്നാണ് സൂചന. ആശുപത്രികള്‍ക്കും ജലവിതരണ യൂണിറ്റുകളും ഉള്‍പ്പെടെ അവശ്യ സേവനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അറ്റകുറ്റപ്പണിയുടെ പുരോഗതിയും ആവശ്യകതയും അനുസരിച്ച് വൈദ്യുതി മുടക്കത്തിന്റെ രീതിയില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും വിവരമുണ്ട്.
ഉപഭോഗം നിയന്ത്രിക്കണം
വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. പകല്‍ സമയത്ത് ലൈറ്റുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കാത്ത ലൈറ്റുകള്‍ ഓഫ് ചെയ്യുക, എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക, കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാതിരിക്കുക തുടങ്ങിയ വഴികളിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.


