കുട്ടിക്കാലത്ത് നാട്ടു മാവില്‍ കല്ലെറിയുന്നതും വീണു കിടക്കുന്ന മാങ്ങകള്‍ മല്‍സരിച്ച് ശേഖരിക്കുന്നതും പതിവാണ്. ആരുടെ മാവാണെന്നതൊന്നും അതില്‍ നോട്ടമില്ല. പൊതു സ്ഥലത്തുള്ള മാവാണെങ്കില്‍ വീണു കിടക്കുന്ന മാങ്ങകള്‍ വലിയവരും പെറുക്കി എടുക്കും. എന്നാല്‍ ആ ശീലം വെച്ച് ഇങ്ങ് സിംഗപ്പൂരില്‍ എത്തിയാല്‍ വന്‍തുക പിഴ അടയ്ക്കേണ്ടി വരും.
|
വഴിയില്‍ വീണു കിടക്കുന്ന ഒരു മാങ്ങ എടുത്താല്‍ ഏകദേശം 3.75 ലക്ഷം രൂപ (5,000 സിംഗപ്പൂര്‍ ഡോളര്‍)യാണത്രെ പിഴ. സിംഗപ്പൂരില്‍ താമസിക്കുന്ന പ്രിയങ്ക സിന്‍ഹ എന്ന ഇന്ത്യന്‍ യുവതിയുടെ ഇതു സംബന്ധമായ വീഡിയോ വൈറലായി മാറുകയാണ്.
പൊതുസ്ഥലങ്ങളില്‍ നില്ക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും ഗവണ്മെന്റിനു സ്വന്തമാണെന്നും അനുവാദമില്ലാതെ അവ പറിക്കുന്നതോ ശേഖരിക്കുന്നതോ കുറ്റകരമാണെന്നും ഈ വീഡിയോയിലൂടെ ഇവര്‍ പറയുന്നു. സിംഗപ്പൂരിലെ ‘നാഷണല്‍ പാര്‍ക്ക്സ് ബോര്‍ഡിന്റെ’ നിബന്ധനകള്‍ അനുസരിച്ച് പാര്‍ക്കുകളിലോ പൊതുസ്ഥലങ്ങളിലോ ഉള്ള മരങ്ങളില്‍ നിന്ന് പഴങ്ങള്‍ പറിക്കുകയോ താഴെ വീണവ ശേഖരിക്കുകയോ ചെയ്താല്‍ 5,000 ഡോളര്‍ (3.5 ലക്ഷം രൂപയ്ക്ക് മുകളില്‍) വരെ പിഴ ഈടാക്കാം. ഇനി നാഷണല്‍ പാര്‍ക്കുകളിലോ നേച്ചര്‍ റിസര്‍വ് ഏരിയകളിലോ ആണ് ഈ നിയമം ലംഘിക്കുന്നതെങ്കില്‍ പിഴ 50,000 ഡോളര്‍ (ഏകദേശം 31 ലക്ഷം രൂപ) വരെ ഉയരാം. കൂടാതെ 6 മാസം വരെ തടവുശിക്ഷയും ലഭിക്കാം.
വീഡിയോ വൈറലായതോടെ പലരുടെയും പ്രതികരണം ഇന്ത്യയുമായി സംഭവം താരതമ്യം ചെയ്താണ്. വളര്‍ത്തുമൃഗങ്ങള്‍ മാങ്ങ എടുത്താലോ? എന്നൊരാള്‍ സംശയമായി ചോദിച്ചപ്പോള്‍ സിംഗപ്പൂരില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉടമയുടെ ഉത്തരവാദിത്തമാണെന്നും അവ ചെയ്യുന്ന തെറ്റിന് ഉടമ പിഴയടക്കേണ്ടി വരുമെന്നുമാണ് മറുപടിയായി ലഭിച്ചത്.
നഗരത്തിന്റെ വൃത്തിയും അച്ചടക്കവും നിലനിര്‍ത്താന്‍ ഇത്തരം കര്‍ശനമായ നിയമങ്ങള്‍ അത്യാവശ്യമാണെന്ന് ഒരു കൂട്ടര് പറയുമ്പോള്‍ വീണുകിടക്കുന്ന ഒരു പഴം എടുക്കുന്നതിന് ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ് മറ്റൊരു കൂട്ടരുടെ സംശയം. എന്തായാലും ഇനി അവധിയ്ക്ക് ആരെങ്കിലും സിംഗപ്പൂര്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ വഴിയില്‍ കിടക്കുന്ന മാമ്പഴമൊന്നും എടുക്കാതിരിക്കുന്നതാണ് ‘പോക്കറ്റിനു’ നല്ലത്.

