15
May 2026
Fri
15 May 2026 Fri
Gold prices hit record high again in Kerala after a break

കൊച്ചി: ഇറക്കുമതി തീരുവ വര്‍ധനക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നും വിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപയും പവന് 1640 രൂപ കുറഞ്ഞ് 1,17,400 രൂപയുമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 68.49 ഡോളര്‍ ഇടിഞ്ഞ് 4,608.87 ഡോളറാണ് വില. 1.46 ശതമാനമാണ് കുറഞ്ഞത്.

ബുധനാഴ്ച സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ കേരളത്തില്‍ രാവിലെ വില കുതിച്ചുയരുകയും ഉച്ചയോടെ ഇടിയുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രമുഖ പ്രമുഖ സ്വര്‍ണ വ്യാപാര സംഘടനകളായ കെ.ജി.എസ്.എം.എ മൂന്നു തവണയും എ.കെ.ജി.എസ്.എം.എ രണ്ടുതവണയും വില പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,300 രൂപയും പവന് 10,200 രൂപ വര്‍ധിച്ച് 1,23,120 രൂപയുമായി. ഇരുവിഭാഗവും ഇതേവില തന്നെയാണ് രാവിലെ പ്രഖ്യാപിച്ചത്.

എന്നാല്‍, ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരം, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകള്‍ എന്നിവ ചേര്‍ത്ത് പുനഃക്രമീകരിച്ചതോടെ ഉച്ചകഴിഞ്ഞ് രണ്ടുതവണയായി കെ.ജി.എസ്.എം.എ ഗ്രാമിന് 600 രൂപയും പവന് 4,800 രൂപയും കുറച്ചു. യഥാക്രമം 14,790 രൂപയും 1,18,320 രൂപയുമായി. ഇതോടെ, ഇവരുടെ കടകളില്‍ ഫലത്തില്‍ ബുധനാഴ്ചത്തെ വര്‍ധന യഥാക്രമം 675 രൂപയും 5,400 രൂപയുമായി.

അതേസമയം, എ.കെ.ജി.എസ്.എം.എ ഉച്ചക്ക് 540 രൂപയാണ് ഗ്രാമിന് കുറച്ചത്. 14,850 രൂപയായിരുന്നു ഗ്രാം വില. പവന് 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയായി. ഇവരുടെ കടകളില്‍ ഗ്രാമിന് 735 രൂപയും പവന് 5,880 രൂപയുമാണ് ഫലത്തില്‍ വര്‍ധിച്ചത്.

എന്നാല്‍, ഇന്നലത്തെ വിലക്രമീകരണത്തോടെ ഇരുവിഭാഗവും ഒരേ വിലനിലവാരത്തിലാണ് വില്‍പന നടത്തുന്നത്. ഗ്രാമിന് 14,880 രൂപയും പവന് 1,19,040 രൂപയുമായിരുന്നു ഇന്നലത്തെ വില.

വീണ്ടും നിയന്ത്രണം

അതിനിടെ സ്വര്‍ണ ഇറക്കുമതി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ‘അഡ്വാന്‍ഡ് ഓതറൈസേഷന്‍ പദ്ധതി’ പ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 കിലോയായി നിജപ്പെടുത്തി. ജ്വല്ലറി കമ്പനികള്‍ക്ക് സ്വര്‍ണം നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. നിലവില്‍ ഈ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം, െവള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.

ആഭരണം വാങ്ങാന്‍

പുതുതലമുറയ്ക്കിടയില്‍ ഹിറ്റായ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപ കുറഞ്ഞ് 12,120 രൂപയിലെത്തി. ചില ജ്വല്ലറികളില്‍ ഗ്രാമിന് 12,055 രൂപയ്ക്കും വില്‍ക്കുന്നുണ്ട്. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 290 രൂപയിലെത്തി. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പത്തു ശതമാനം പണിക്കൂലിയും നികുതിയും ചേര്‍ത്ത് 1.33 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് മൂന്നു മുതല്‍ മുപ്പതു ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്. മൂന്നു ശതമാനം ജിഎസ്ടിയും നല്‍കണം. ഹോള്‍മാര്‍ക്കിങ് ചാര്‍ജും അതിനു 18 ശതമാനം ജിഎസ്ടിയും ബാധകമാണ്.