Gold price ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 1275 രൂപ കൂടി. ഒരു പവന് 10,200 രൂപയും കൂടി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയാണ് വില.
|
വീണ്ടും ചരിത്ര നിരക്കുകള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം. പശ്ചിമേഷ്യന്‍ യുദ്ധം പണപ്പെരുപ്പ ആശങ്കകള്‍ ഉയര്‍ത്തിയതിന് പിന്നാലെ വിലയില്‍ അല്‍പം ആശ്വാസം ഉണ്ടായെങ്കിലും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് പതിക്കുന്നത് ആഭരണ മോഹികള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. മെയ് 12 ചൊവ്വാഴ്ച കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് സംഭവിച്ചത്. രാവിലെ 400 രൂപയും ഉച്ചയ്ക്ക് ശേഷം 960 രൂപയും പവന് വര്‍ധിച്ചു. 1,12,920 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക്
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് നിലവില്‍ സംസ്ഥാനത്ത് ആശങ്ക വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം 19 പൈസ ഇടിഞ്ഞ് സര്‍വകാല താഴ്ചയായ 95.50 ലേക്ക് എത്തി. 95.43 വരെയായിരുന്നു അതിന് മുമ്പ് രൂപ ഇടിഞ്ഞത്, ആആ റെക്കോഡ് തിരുത്തപ്പെട്ട ദിവസം കൂടിയാണ് കഴിഞ്ഞുപോയിരിക്കുന്നത്.
ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍, ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നു. ഇതാണ് നിലവില്‍ രൂപയെ സമ്മര്‍ദത്തിലാക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വാഭാവികമായും ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കും.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കും എന്ന ആശങ്കയുണ്ട്. ഇങ്ങനെ വില വര്‍ധനവ് സംഭവിക്കുന്നത് എല്ലാ ഉത്പന്നങ്ങളുടെയും വില ഇരട്ടിയാക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന ലഭ്യതയില്‍ തടസം നേരിടാന്‍ പോകുന്നുവെന്ന ആശങ്കയില്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കുന്നു. എന്നാല്‍ സ്വര്‍ണവിലയെ വര്‍ധിപ്പിക്കുന്ന മറ്റൊരു നടപടി കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണ്, അതായത്, 2024ല്‍ കുറച്ച ഇറക്കുമതി ചുങ്കം ഇരട്ടിയായി വര്‍ധിപ്പിച്ചു.
രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയര്‍ത്തിയത്.
ഇതിനു പുറമെ അഞ്ചുശതമാനം അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വര്‍ധനവാണ് നിലവില്‍ വന്നിരിക്കുന്നത്. നേരത്തെ ഇത് ആറുശതമാനം ആയിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
അസംസ്‌കൃത എണ്ണയും സ്വര്‍ണവും വാങ്ങുന്നതിനായി വലിയ തോതില്‍ ഡോളര്‍ ചിലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണം കൊണ്ടുവന്നത്. സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാന്‍ ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണ ഉപഭോഗം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. നിലവില്‍ തന്നെ റെക്കോര്‍ഡ് വിലയില്‍ നില്‍ക്കുന്ന സ്വര്‍ണത്തിന് പുതിയ നികുതി വര്‍ധനവ് വലിയ തിരിച്ചടിയാകും. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.സ്വര്‍ണത്തിന് പുറമെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഷെഡ്യൂള്‍ 200-ല്‍ ഉള്‍പ്പെട്ട എല്ലാ വിലകൂടിയ ലോഹങ്ങള്‍ക്കും വില വര്‍ധിക്കും.



