ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന ടിവികെ മന്ത്രിസഭ ആറു മാസം പൂര്‍ത്തിയാക്കില്ലെന്ന് ഡിഎംകെ നേതാവ്. തിരുച്ചെന്തൂര്‍ എം.എല്‍.എ അനിത രാധാകൃഷ്ണനാണ് ടിവികെയ്‌ക്കെതിരേ കടുത്ത ആക്രമണം അഴിച്ചുവിട്ടത്. വിജയ്ക്ക് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഡി.എം.കെ. തലവന്‍ എം.കെ. സ്റ്റാലിന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
|
വില്ലിവാക്കം സീറ്റില്‍ നിന്ന് വിജയിച്ച ടി.വി.കെയുടെ മുതിര്‍ന്ന നേതാവായ ആധവ് അര്‍ജുനനെ രാജിവച്ച് തിരുച്ചെന്തൂരില്‍ മത്സരിക്കാന്‍ രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു.’ഈ സര്‍ക്കാര്‍ നാല് മാസം കൂടി മാത്രമേ നിലനില്‍ക്കൂ. ആധവ് അര്‍ജുന എന്നൊരാള്‍ ഉണ്ട്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, നിങ്ങളുടെ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുക, ഞാനും അത് ചെയ്യും. നമുക്ക് തിരുച്ചെന്തൂരില്‍ നേരിടാം. ഇത് നമ്മുടെ പട്ടണമാണ്. ആരെയും ഞങ്ങള്‍ പരാജയപ്പെടുത്തും,’ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.
‘തലൈവര്‍ ആണ് അടുത്ത മുഖ്യമന്ത്രി. നാലോ ആറോ മാസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രിയാകും’ അദ്ദേഹം പറഞ്ഞു. ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന കടുത്ത രാഷ്ട്രീയ പോരാട്ടത്തിനിടയിലാണ് രാധാകൃഷ്ണന്റെ പ്രതികരണം.
സംസ്ഥാനത്തെ 234 സീറ്റുകളില്‍ 108 എണ്ണവും ടി.വി.കെ തൂത്തുവാരിയിരുന്നു. ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും 62 വര്‍ഷത്തെ ആധിപത്യം ഇതോടെ അവസാനിച്ചു. ഡി.എം.കെ സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തിന്റെ 25 എം.എല്‍.എമാരും വിശ്വാസ വോട്ടെടുപ്പില്‍ വിജയിയെ പിന്തുണക്കുകയായിരുന്നു.
അതിനുശേഷം ഭരണം, നിയമനങ്ങള്‍, ഭരണപരമായ തീരുമാനങ്ങള്‍ എന്നിവയില്‍ ടി.വി.കെ നേതാവ് ഡി.എം.കെയില്‍ നിന്ന് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്നു.



