06
Jun 2026
Sat
06 Jun 2026 Sat
PS SREE PROJECT

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് സാധ്യതയെന്ന് സൂചിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചത് യാഥാര്‍ത്ഥ്യമാണെന്നും അതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീന്നിട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ കാരണങ്ങളാല്‍ പദ്ധതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് മന്ത്രി പറയുന്നത്. പി എം ശ്രീ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും കേന്ദ്രഫണ്ട് കിട്ടാത്തതിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യഭ്യാസ വകുപ്പിലുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍.

പിഎം ശ്രീ പദ്ധതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പി എം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര നിബന്ധനകളില്‍ പാഠ്യപദ്ധതി നിര്‍ബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങള്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വഴി പി എം ശ്രീയില്‍ കേന്ദ്ര നിബന്ധനകള്‍ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

PM ശ്രീയുടെ ബോര്‍ഡില്‍ നിബന്ധനകള്‍ പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ ചിത്രം വെച്ച ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കണമെന്നും SSK ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്.

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നേരത്തെ അറിയിച്ചിരുന്നു. വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമാണ് എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.