മെക്‌സിക്കോ സിറ്റി: കളിമുറ്റത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയ 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സഹ-ആതിഥേയരായ മെക്‌സിക്കോയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ഒന്നിനെതിരെ മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെക്‌സിക്കോ പുറത്തെടുത്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ മെക്‌സിക്കോ ആദ്യമേ തന്നെ മുന്നിലെത്തി. ദക്ഷിണ കൊറിയയും ചെക്കിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
|
മത്സരത്തിന്റെ ആദ്യ പകുതിയിലെ ഒന്‍പതാം മിനിറ്റില്‍ തന്നെ ഫോര്‍വേഡ് ജൂലിയന്‍ ക്വിനോണസിലൂടെ മെക്‌സിക്കോ ആദ്യ ഗോള്‍ നേടി ലീഡെടുത്തു. രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ റൗള്‍ ജിമെനെസ് ഒരു തകര്‍പ്പന്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗോള്‍ നേട്ടത്തിന് പിന്നാലെ താരം വികാരാധീനനായി മൈതാനത്ത് പൊട്ടിക്കരഞ്ഞത് കാണികളിലും വികാരമുണര്‍ത്തി.
ചുവപ്പ് കാര്‍ഡുകളില്‍ ചരിത്രം കുറിച്ച് ഉദ്ഘാടന മത്സരം
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉദ്ഘാടന മത്സരത്തില്‍ തന്നെ മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ പിറക്കുന്നത്. മത്സരത്തിലുടനീളം കടുത്ത ഫൗളുകളാണ് ഇരുവിഭാഗത്തില്‍ നിന്നും ഉണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടും മെക്‌സിക്കോയ്ക്ക് ഒരു ചുവപ്പ് കാര്‍ഡുമാണ് ലഭിച്ചത്. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീല്‍ഡര്‍മാരായ സ്‌പെഫെലോ ‘യായാ’ സിത്തോലെ, തെംബ സ്വാനെ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ‘ബഫാന ബഫാന’യ്ക്ക് വലിയ തിരിച്ചടിയായി. ചെക്കിയയ്ക്കെതിരെയുള്ള അടുത്ത നിര്‍ണായക മത്സരത്തില്‍ ഈ രണ്ട് പ്രധാന താരങ്ങളും ഇല്ലാതെയാകും അവര്‍ക്ക് ഇറങ്ങേണ്ടി വരിക. മെക്‌സിക്കന്‍ ഡിഫെന്‍ഡര്‍ സീസര്‍ മോണ്ടെസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ALSO READ: ലോകം ഒരു പന്തിലേക്ക് ചുരുങ്ങാന്‍ ഇനി മിനിറ്റുകള്‍ മാത്രം; ഉദ്ഘാടന വേദിയെ ഇളക്കിമറിക്കാന്‍ ഷക്കീറ
ആധികാരിക ജയവുമായി മെക്‌സിക്കോ
മെക്‌സിക്കോയെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഇതൊരു മികച്ച പ്രകടനമായിരുന്നു. 61 ശതമാനം ബോള്‍ പൊസെഷനും (possession) 17 ഷോട്ടുകളുമായി അവര്‍ മൈതാനം നിറഞ്ഞു കളിച്ചു. മെക്‌സിക്കന്‍ മധ്യനിര ദക്ഷിണാഫ്രിക്കയെ പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കിയപ്പോള്‍, സന്ദര്‍ശകര്‍ക്ക് കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഡിഫെന്‍ഡര്‍ സീസര്‍ മോണ്ടെസിന്റെ ചുവപ്പ് കാര്‍ഡ് മെക്‌സിക്കോയ്ക്ക് നേരിയ നിരാശ നല്‍കുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട സ്റ്റേഡിയമായ ‘അസ്റ്റേക്ക’യിലെ (Azteca) പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മറക്കാനാകാത്ത ഒരു വിജയദിനമാണ് ആതിഥേയര്‍ സമ്മാനിച്ചത്.
മത്സരത്തിന് മുന്നോടിയായി ലോകപ്രശസ്ത പോപ്പ് താരം ഷക്കീറയും ആഫ്രിക്കന്‍ ഗായകന്‍ ബര്‍ണാ ബോയും ചേര്‍ന്ന് ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ (Dai Dai) ആലപിച്ചുകൊണ്ട് ദൃശ്യവിസ്മയം തീര്‍ത്ത ഉദ്ഘാടന ചടങ്ങുകളും നടന്നിരുന്നു.
Mexico vs South Africa Highlights, FIFA World Cup 2026, Mexico Seal Win In Dramatic Match


