24
Jun 2026
Wed
24 Jun 2026 Wed
cuet result 2026

NTA Declares CUET UG 2026 Results: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET UG 2026) പരീക്ഷാ ഫലം ദേശീയ പരീക്ഷാ ഏജന്‍സി (NTA) പ്രഖ്യാപിച്ചു. 1232.19 സ്‌കോര്‍ നേടിയ ഡല്‍ഹിയിലെ ദേവിന ഗഹ്ലോട്ടിന് ആണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കുകളില്‍ ഒന്‍പതും ഉത്തരേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. 1180.91 സ്‌കോറോടെ 18-ാം റാങ്ക് നേടിയ കേരളത്തില്‍ നിന്നുള്ള അലീഷ മരിയ തോമസ് ആണ് ദക്ഷിണേന്ത്യയിലെ ടോപ്പര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകളിലെയും മറ്റ് പങ്കാളിത്ത സര്‍വ്വകലാശാലകളിലെയും/സ്ഥാപനങ്ങളിലെയും/കോളേജുകളിലെയും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. ഇതുവഴി ഒരൊറ്റ പരീക്ഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും മറ്റ് പങ്കാളിത്ത സര്‍വ്വകലാശാലകളിലേക്കും (സംസ്ഥാന, ഡീംഡ്, പ്രൈവറ്റ് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ) അപേക്ഷിക്കാനാകും.

ഓണ്‍ലൈനായി നടത്തിയ പരീക്ഷയില്‍ ആകെ 15,68,867 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 19 ദിവസങ്ങളിലായി 35 ഷിഫ്റ്റുകളിലായാണ് രാജ്യത്തുടനീളവും വിദേശ നഗരങ്ങളിലുമായി 12,906 വ്യത്യസ്ത വിഷയ കോമ്പിനേഷനുകളിലുള്ള പരീക്ഷ എന്‍ടിഎ പൂര്‍ത്തിയാക്കിയത്.

പരമാവധി 5 വിഷയങ്ങള്‍ വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. ആകെ 37 വിഷയങ്ങളാണ് നല്‍കിയിരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കി.

ഇന്ത്യയിലെയും വിദേശങ്ങളിലെയും ഉള്‍പ്പെടെ ആകെ 321 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. അബുദാബി, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂര്‍, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപ്പൂര്‍, വെസ്റ്റ് ജാവ, വാഷിംഗ്ടണ്‍ എന്നിവയാണ് പരീക്ഷ നടന്ന വിദേശ നഗരങ്ങള്‍.

മികച്ച പ്രകടനം:

  • തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളില്‍ നാലിലും 100 പെര്‍സന്റൈല്‍ സ്‌കോര്‍ നേടിയത് ഒരു വിദ്യാര്‍ത്ഥി
  • തിരഞ്ഞെടുത്ത വിഷയങ്ങളില്‍ 3 എണ്ണത്തില്‍ 100 പെര്‍സന്റൈല്‍ സ്‌കോര്‍ നേടാന്‍ 22 പേര്‍ക്ക് സാധിച്ചു
  • 2 വിഷയങ്ങളില്‍ 100 പെര്‍സന്റൈല്‍ സ്‌കോര്‍ നേടിയത് 180 പേര്‍
    ഒരു വിഷയത്തില്‍ 100 പെര്‍സന്റൈല്‍ സ്‌കോര്‍ സ്വന്തമാക്കാന്‍ 3,214 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു

പരീക്ഷാഫലം പരിശോധിക്കേണ്ട വിധം:

വിദഗ്ദ്ധര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റായ https://cuet.nta.nic.in/-ല്‍ ഫലം പരിശോധിക്കാം. പരീക്ഷ പൂര്‍ത്തിയായി വെറും 16 ദിവസത്തിനുള്ളില്‍ തന്നെ ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഫലപ്രഖ്യാപപനം 14 ദിവസം നേരത്തെ സാധിച്ചു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലങ്ങള്‍ അതത് സര്‍വ്വകലാശാലകളുമായി പങ്കുവെയ്ക്കുമെന്ന് എന്‍ടിഎ അറിയിച്ചു. തുടര്‍നടപടികള്‍ക്കും പ്രവേശന വിവരങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ അതത് സര്‍വ്വകലാശാലകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടണം. പരീക്ഷ വിജയകരമായി നടത്തുന്നതിന് നല്‍കിയ പിന്തുണകള്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, പരീക്ഷ നടന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവയ്ക്ക് എന്‍ടിഎ നന്ദി അറിയിച്ചു.