‘നന്ദനം’ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അരവിന്ദ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ദീര്‍ഘകാല പങ്കാളിയെ വരണമാല്യം അണിയിച്ച് ജീവിതസഖിയാക്കിയിരിക്കുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അന്‍പതാം വയസ്സിലേക്ക് കടക്കുന്ന അരവിന്ദ് വിവാഹിതനാകുന്നത്. സാധ്വി ആര്.എസ് ആണ് വധു.
|
തമിഴ്-മലയാളം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് അരവിന്ദ് ആകാശ്. മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരും മിന്നുകെട്ടിയത്. അടുത്ത കുടുംബാംഗങ്ങളും ചലച്ചിത്ര രംഗത്തെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വീണ്ടും ഒത്തുചേര്‍ന്ന് വെങ്കട്ട് പ്രഭുവും കൂട്ടരും

അരവിന്ദിന്റെ വിവാഹം തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ചെന്നൈ 600028’ ടീമിന്റെ ഒരു മിനി റീയൂണിയന് കൂടിയായി മാറി. സംവിധായകന് വെങ്കട്ട് പ്രഭു, നടന്മാരായ പ്രേംജി അമരന്, വൈഭവ്, വിജയ് വസന്ത് എന്നിവരുള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ക്വാലാലംപൂരില്‍ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
50-ാം വയസ്സില്‍ പുതിയ ജീവിതത്തിലേക്ക്; തുടക്കം ‘നന്ദന’ത്തിലൂടെ
തന്റെ 50-ാം വയസ്സിലാണ് അരവിന്ദ് ആകാശ് ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നത്. പഞ്ചാബില്‍ ജനിച്ച അരവിന്ദ്, സിനിമ സ്വപ്നം കണ്ട് ചെന്നൈയില്‍ എത്തുകയും രജനികാന്തിന്റെ ‘പടയപ്പ’ എന്ന ചിത്രത്തില്‍ ഗ്രൂപ്പ് ഡാന്‍സറായി കരിയര്‍ ആരംഭിക്കുകയുമായിരുന്നു. കമല്‍ഹാസന്റെ ‘ഹേ റാം’, സൂര്യയുടെ ‘ഉയിരിലെ കലന്തത്’ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
തുടര്‍ന്ന് പൃഥ്വിരാജ് നായകനായ, രഞ്ജിത്ത് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘നന്ദന’ത്തിലൂടെയാണ് അരവിന്ദ് ആകാശ് ശ്രദ്ധേയ വേഷത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ‘കൃഷ്ണന്’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002ല്‍ ഇറങ്ങിയ ‘നന്ദനം’ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നില്ക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളില്‍ മായാതെ നില്‍ക്കുന്നുണ്ട്.
സത്യരാജ് നായകനായ ‘സേന’ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
കരിയറിലെ വഴിത്തിരിവായ ‘ചെന്നൈ 600028’
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ചെന്നൈ 600028’ എന്ന ചിത്രമാണ് അരവിന്ദിന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. പിന്നീട് വെങ്കട്ട് പ്രഭുവിന്റെ സ്ഥിരം സാന്നിധ്യമായി മാറിയ താരം ‘സരോജ’, ‘ഗോവ’, ‘മങ്കാത്ത’, ‘ബിരിയാണി’, ‘മാസ്’, ‘ചെന്നൈ 600028 പാര്‍ട്ട് 2’, ‘മാനാട്’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ എത്തി. പ്രേംജി അമരനൊപ്പമുള്ള താരത്തിന്റെ കോമ്പോ ഏറെ ജനപ്രീതി നേടിയിരുന്നു. സോളോ ഹിറ്റുകള്‍ അധികമില്ലെങ്കിലും തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖമായി മാറാന്‍ അരവിന്ദിന് സാധിച്ചു. സാധ്വിക്കൊപ്പമുള്ള പുതിയ ജീവിതത്തിന് ആരാധകരും സിനിമാ ലോകവും ആശംസകള്‍ നേരുകയാണ്.
Actor Aravind Akash gets married in Malaysia



