05
Jul 2026
Sun
05 Jul 2026 Sun
Carlo Ancelotti

ന്യൂയോര്‍ക്ക്: സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിനെ തടയാന്‍ ബ്രസീല്‍ ഡിഫെന്‍ഡര്‍ ഗബ്രിയേല്‍ മഗലീസിന് പ്രത്യേക ഉപദേശങ്ങളുടെ ആവശ്യമില്ലെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഇറ്റലിയെ മറികടന്ന് ലോകകപ്പ് യോഗ്യത നേടിയ കരുത്തുറ്റ നോര്‍വേ ടീമിനെയാണ് വരാനിരിക്കുന്ന മത്സരത്തില്‍ ബ്രസീലിന് നേരിടാനുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസാധ്യ ഫോമിലുള്ള ഹാലണ്ടിനെ പൂട്ടാന്‍ ബ്രസീല്‍ എന്താണ് തയാറെടുത്തിരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈസ്റ്റ് റഥര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ വെച്ച് ആന്‍സലോട്ടി മറുപടി നല്‍കി.

‘ഹാലണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എന്റെ ഡിഫെന്‍ഡര്‍മാര്‍ക്ക് ഞാന്‍ വിശദീകരിച്ചു കൊടുക്കേണ്ടതില്ല. എന്നേക്കാള്‍ നന്നായി അവര്‍ക്ക് ഹാലണ്ടിനെ അറിയാം, കാരണം അവര്‍ പലതവണ അവനെതിരെ കളിച്ചിട്ടുള്ളതാണ്,’ ആന്‍സലോട്ടി പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാലണ്ടും ആഴ്‌സണലിന്റെ ബ്രസീല്‍ താരം ഗബ്രിയേലും തമ്മില്‍ നടന്നിട്ടുള്ള കടുത്ത പോരാട്ടങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആന്‍സലോട്ടിയുടെ ഈ പരാമര്‍ശം. പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടങ്ങളില്‍ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരങ്ങള്‍ പലപ്പോഴും നിര്‍ണായകമായിട്ടുണ്ട്. കളിക്കളത്തില്‍ ഇരുവരും തമ്മിലുള്ള വാശിയേറിയ നിമിഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

എന്നാല്‍, അന്താരാഷ്ട്ര തലത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. ക്ലബ്ബ് തലത്തില്‍ ശക്തരായ താരങ്ങളുടെ പിന്തുണയുള്ള ഹാലണ്ട്, നോര്‍വേ ദേശീയ ടീമിലേക്ക് വരുമ്പോള്‍ അത്ര മികച്ച താരങ്ങളുടെ പിന്തുണയിലല്ല കളിക്കുന്നത്. മറുഭാഗത്ത്, പ്രീമിയര്‍ ലീഗില്‍ ഹാലണ്ടിനെ പിന്തുടരുന്ന ആഴ്‌സണലിന്റെ താരമായ ഗബ്രിയേല്‍, അന്താരാഷ്ട്ര തലത്തില്‍ ശക്തരായ ബ്രസീല്‍ നിരയിലാണ് അണിനിരക്കുന്നത്. അതുകൊണ്ടുതന്നെ നോര്‍വേക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

‘മത്സരത്തിനായി ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് ഒരുങ്ങുന്നത്. ഹാലണ്ടിന്റെ കളിശൈലി തീര്‍ച്ചയായും ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്, കാരണം അവന്‍ അതീവ അപകടകാരിയായ ഒരു ഫോര്‍വേഡ് ആണ്,’ ആന്‍സലോട്ടി കൂട്ടിച്ചേര്‍ത്തു.

ഹാലണ്ടിനെ പൂട്ടാനുള്ള ബ്രസീലിന്റെ തന്ത്രം മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാരസും വ്യക്തമാക്കി. പന്ത് ഹാലണ്ടിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

‘പന്ത് അവനിലേക്ക് എത്താതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഞങ്ങള്‍ ആക്രമിച്ചു കളിക്കുമ്പോഴും ആരെങ്കിലും ഒരാള്‍ എപ്പോഴും അവനോട് ഒപ്പമുണ്ടാകണം. അവന് ഒട്ടും സ്‌പേസ് നല്‍കരുത്, കാരണം ഒരൊറ്റ പന്ത് കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് അവനെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം,’ ഗ്വിമാരസ് പറഞ്ഞു.

Ancelotti insinuates Arsenal’s Gabriel knows how to stop Erling Haaland