05
Jul 2026
Sun
05 Jul 2026 Sun
Aamir Khan and Gauri Spratt got married at the actor's Mumbai residence

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരായി. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ക്ക് പരസ്പരം അറിയാം. മുംബൈ ബാന്ദ്രയിലുള്ള 61 കാരനായ നടന്റെ വസതിയില്‍ വെച്ച് തികച്ചും സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ച് വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തതായി അടുത്ത വൃത്തങ്ങള്‍ എന്‍.ഡി.ടി.വി.യോട് സ്ഥിരീകരിച്ചു. വിവാഹ സ്ഥിരീകരണത്തിന് പിന്നാലെ നടന്റെ പി.ആര്‍ ഏജന്‍സി നവദമ്പതികളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘സ്‌നേഹത്തിന്റെയും ചിരിയുടെയും വിലപ്പെട്ട നിമിഷങ്ങളുടെയും ആഘോഷം. ആമിര്‍ ഖാന്റെ വിവാഹാഘോഷങ്ങളിലേക്ക് സ്വാഗതം. ഊഷ്മളതയും സന്തോഷവും മാന്ത്രികതയും നിറഞ്ഞ മറക്കാനാവാത്ത ഒരു നിമിഷം,’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജൂണ്‍ 4-നാണ് താന്‍ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ആമിര്‍ ഖാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിവാഹച്ചടങ്ങില്‍ ആമിര്‍ ഖാന്റെ മൂന്ന് മക്കളും ഗൗരി സ്പ്രാറ്റിന്റെ മകനും പങ്കെടുത്തു. ആമിറിന്റെ ആദ്യ വിവാഹം ചലച്ചിത്ര നിര്‍മ്മാതാവായ റീന ദത്തയുമായായിരുന്നു. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005-ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇരുവരും ചേര്‍ന്നാണ് മകന്‍ ആസാദിനെ വളര്‍ത്തുന്നത്. ബംഗളൂരു സ്വദേശിയായ ഗൗരിക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്.

Unseen video from Aamir Khan's wedding

വിദേശത്തുനിന്നുള്ള ബന്ധുക്കള്‍ ഉള്‍പ്പെടെ ഏകദേശം 150 ഓളം അതിഥികള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബംഗളൂരുവില്‍ സലൂണ്‍ നടത്തിയിരുന്ന റീറ്റ സ്പ്രാറ്റിന്റെ മകളായ ഗൗരി, നിലവില്‍ മുംബൈയില്‍ ‘ബിബ്ലണ്ട്’ (BBlunt) സലൂണ്‍ നടത്തിവരികയാണ്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സില്‍ നിന്ന് ഫാഷന്‍ സ്‌റ്റൈലിംഗിലും ഫോട്ടോഗ്രഫിയിലും അവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

‘വീട്ടില്‍ വെച്ച് ലളിതമായ വിവാഹം’

കഴിഞ്ഞ ദിവസം രാജ്കുമാര്‍ ഹിരാനിയുടെ ‘പ്രീതം ആന്‍ഡ് പെഡ്രോ’ പരമ്പരയുടെ സ്‌ക്രീനിംഗിനിടെ ആമിര്‍ ഖാന്‍ തന്റെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ജൂലൈ 5-നാണ് വിവാഹമെന്നും വീട്ടില്‍ വെച്ച് നടക്കുന്ന വളരെ ചെറിയൊരു ചടങ്ങായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരു കുടുംബങ്ങളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നും തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

60-ാം ജന്മദിനത്തിലെ ആ സര്‍പ്രൈസ്

തന്റെ അറുപതാം ജന്മദിനത്തില്‍ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആമിര്‍ ഖാന്‍ ഗൗരിയെ ആദ്യമായി പരിചയപ്പെടുത്തിയത്. തങ്ങള്‍ 25 വര്‍ഷം മുമ്പ് കണ്ടുമുട്ടിയതാണെന്നും ഇപ്പോള്‍ ഒന്നര വര്‍ഷമായി ഗൗരവമേറിയ പ്രണയത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും താന്‍ ഗൗരിയെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും പ്രൊഡക്ഷന്‍ രംഗത്ത് ജോലി ചെയ്യുന്ന ഗൗരിക്കായി താന്‍ എല്ലാ ദിവസവും പാട്ടുകള്‍ പാടാറുണ്ടെന്നും ആമിര്‍ പറഞ്ഞിരുന്നു. തന്റെ ഹിറ്റ് ചിത്രമായ ‘ലഗാന്‍’ സിനിമയിലെ ഭുവന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ‘ഭുവന് ഒടുവില്‍ തന്റെ ഗൗരിയെ ലഭിച്ചു’ എന്നും ആമിര്‍ അന്ന് തമാശയായി പറഞ്ഞു.

‘ഈ 60-ാം വയസ്സില്‍ വിവാഹം കഴിക്കുന്നത് എനിക്ക് ചേരുമോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മക്കള്‍ വളരെ സന്തോഷത്തിലാണ്. എന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്,’ ആമിര്‍ പറഞ്ഞു.

60-ാം വയസ്സില്‍ പ്രണയം കണ്ടെത്തിയതിനെക്കുറിച്ച്

‘സത്യസന്ധമായി പറഞ്ഞാല്‍, എനിക്കിനി ജീവിതത്തില്‍ ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചതുമല്ല. അവള്‍ എന്റെ ജീവിതത്തിലേക്ക് വലിയൊരു ശാന്തതയും സ്ഥിരതയും കൊണ്ടുവന്നു. റീനയും കിരണും ഇപ്പോള്‍ ഗൗരിയും എന്റെ വ്യക്തിജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചവരാണ്. ഞാന്‍ അവരെ ഏറെ ബഹുമാനിക്കുന്നു,’ ആമിര്‍ ഖാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി മക്കാവു ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതുവേദികളില്‍ ആമിറും ഗൗരിയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

Aamir Khan And Gauri Spratt Get Married